ആർഷോ വിഷയം: അധ്യാപകനെതിരായ അച്ചടക്ക നടപടികൾക്ക് താൽക്കാലിക സ്റ്റേ
text_fieldsകൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി മഹാരാജാസ് കോളജിന്‍റെ വെബ്സൈറ്റിൽ വന്നതിനെത്തുടർന്നുള്ള സംഭവങ്ങളിൽ അധ്യാപകനെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ താൽക്കാലികമായി തടഞ്ഞ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി).
തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാജാസ് കോളജ് അധ്യാപകനായിരിക്കെ അച്ചടക്ക നടപടിയുടെ ഭാഗമായി കളമശ്ശേരി പോളിടെക്നിക്കിലേക്ക് സ്ഥലം മാറ്റപ്പെട്ട ഡോ. ആൽസൻ മാർട്ട് നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. അച്ചടക്കനടപടി സ്വീകരിച്ചിരിക്കുന്നത് നിലനിൽക്കുന്നതാണോയെന്നതടക്കം കാര്യങ്ങളിൽ ഏപ്രിൽ 11നകം വിശദീകരണം നൽകണമെന്ന് കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ച ട്രൈബ്യൂണൽ അതുവരെയാണ് നടപടികൾ തടഞ്ഞ് ഉത്തരവിട്ടത്.
ഇന്‍റഗ്രേറ്റഡ് ആർക്കിയോളജി പരീക്ഷയുടെ ഫലം വന്നപ്പോൾ അതിൽ ആർഷോയും ഉൾപ്പെട്ടത് സംബന്ധിച്ച് ചില വിദ്യാർഥികൾ പരാതി പറഞ്ഞെന്നും തുടർന്ന് ഇക്കാര്യം താൻ, അധ്യാപകർ മാത്രം അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ്പിൽ അറിയിച്ചെന്നുമാണ് ഹരജിയിൽ പറയുന്നത്. ഇതിനിടെ, വ്യാജ സർട്ടിഫിക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കെ. വിദ്യ എന്ന വിദ്യാർഥിനിക്കെതിരെ ആരോപണമുയർന്ന സമയത്ത് ആർഷോയുടെ മാർക്ക് ലിസ്റ്റ് വിഷയം മാധ്യമങ്ങളിൽ വാർത്തയായി.
കോളജിനെ അപകീർത്തിപ്പെടുത്താൻ വാർത്താ മാധ്യമങ്ങൾക്ക് നൽകിയത് താനാണെന്ന തരത്തിൽ മെമ്മോ നൽകുകയും അച്ചടക്ക നടപടികൾ ആരംഭിക്കുകയുമായിരുന്നു. വാട്സ് ആപ് മെസേജ് വന്ന് മാസങ്ങൾക്കുശേഷമാണ് മാധ്യമങ്ങളിൽ വാർത്തയായത്. താനാണ് വാർത്ത നൽകിയതെന്ന തെളിവ് പോലുമില്ലാതെ പ്രിൻസിപ്പൽ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ തനിക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചിരിക്കുന്നത്. പ്രാഥമികാന്വേഷണം പോലും നടത്താതെ ശിക്ഷ നടപ്പാക്കി. ഇതിന്‍റെ ഭാഗമായാണ് സ്ഥലം മാറ്റം ഉണ്ടായത്. ഇതിനെതിരെ കെ.എ.ടിയിൽ നൽകിയ ഹരജി തള്ളിയെങ്കിലും അപ്പീൽ ഹൈകോടതിയുടെ പരിഗണനയിലാണ്.
ഇതേസമയം, ഭരണകക്ഷിയുടെ ഭാഗമായ അധ്യാപക സംഘടനയുടെ ഭാരവാഹിയായ കോട്ടയം കോളീജിയറ്റ് ഡെ. ഡയറക്ടറെ എൻക്വയറി ഉദ്യോഗസ്ഥനായി നിയമിച്ച് മറ്റൊരു ഉത്തരവുകൂടി ഡയറക്ടർ പുറപ്പെടുവിച്ചിരിക്കുകയാണ്. എറണാകുളം ഡി.ഡി ഉണ്ടായിട്ടും കോട്ടയത്തുനിന്ന് നിയമിച്ചത് ബോധപൂർവമാണ്. ഇതിൽ നടപടി തുടർന്നാൽ രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഫലങ്ങളാകും ഉണ്ടാവുക. ഒരേ കുറ്റത്തിന് ഒന്നിലേറെ അച്ചടക്ക നടപടികൾക്ക് വിധേയമാകേണ്ടിവരുന്നത് നിയമവിരുദ്ധമാണ്. അതിനാൽ, തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്നും ഹരജി തീർപ്പാകുംവരെ സ്റ്റേ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.