ആർഷോയുടെ പരീക്ഷാ ഫലം: എസ്.എഫ്.ഐക്കെതിരെ ഗൂഢാലോചനയെന്ന് എം.വി. ഗോവിന്ദൻ
text_fieldsപാലക്കാട്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പരീക്ഷയെഴുതാതെ പാസ്സായെന്ന വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആർഷോയുടെ പരീക്ഷാ ഫലം തിരുത്തിയ സംഭവത്തിൽ എസ്.എഫ്.ഐക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
സംഭവത്തിൽ പൂർണ രീതിയിലുള്ള അന്വേഷണം നടത്തണം. ഏത് തരത്തിലുള്ള ഗൂഢാലോചനയാണെന്ന് പരിശോധിച്ചാലെ പറയാനാകൂ. എസ്.എഫ്.ഐയെ കുറ്റപ്പെടുത്തി വാർത്തകൾ ചമയ്‌ക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് കൃത്യമായി അന്വേഷിച്ച് കണ്ടെത്തണം. പരീക്ഷ എഴുതാതെ ആരെങ്കിലും ജയിക്കുമോ..? അസംബന്ധപരമായ ഒരു ആരോപണം ഉന്നയിക്കുകയും അത് വലിയ വാർത്തയാകുകയും എസ്.എഫ്.ഐയെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ആരോപണത്തിന് പിന്നിലും അത് വാർത്തയായതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാജാസിലെ വിദ്യാർഥിനി വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ കൃത്യമായ പരിശോധന നടക്കണം. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും സംരക്ഷിക്കില്ല. തെറ്റായ രീതിയിൽ പ്രചരണം നടത്തുന്ന ഒന്നിന്റെയും പിന്നിൽ നിൽക്കുകയുമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിനൊപ്പം എസ്.എഫ്.ഐ നേതാവ് കെ. വിദ്യ മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതും കൂടി വന്നതോടെ സി.പി.എം പ്രതിരോധത്തിലായിരിക്കുകയാണ്. അട്ടപ്പാടി കോളജിന് പുറമേ കരിന്തളം കോളജിലും കെ. വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയെന്നാണ് കണ്ടെത്തൽ. മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ വിദ്യക്ക് കാലടി സർവകലാശാലയിൽ പിഎച്ച്.ഡിക്ക് പ്രവേശനം ലഭിക്കാൻ മന്ത്രി പി. രാജീവ് ഇടപെട്ടു എന്നും ആരോപണമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.