കിത്തോ ഇനി ഓർമച്ചിത്രം; വിടപറഞ്ഞത് 30ലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ച പ്രതിഭ
text_fieldsകൊച്ചി: പ്രശസ്ത കലാസംവിധായകൻ കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 30ലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. കലൂർ ഡെന്നിസ് 'ചിത്രകൗമുദി' എന്ന സിനിമ മാസികയിൽ എഴുതിയിരുന്ന നീണ്ട കഥക്ക് ചിത്രം വരച്ചുകൊണ്ടായിരുന്നു തുടക്കം. ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമ മേഖലയിൽ സജീവമായ കിത്തോയുടെ പരസ്യങ്ങൾ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധ നേടി. കലാസംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്ത കിത്തോ, സിനിമ നിർമിക്കുകയും കഥയെഴുതുകയും ചെയ്തിട്ടുണ്ട്. 'ആലോലം' (1982) എന്ന സിനിമയുടെ കഥാരചനയും 1988ൽ കമൽ സംവിധാനം ചെയ്ത 'ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്' എന്ന സിനിമയുടെ നിർമാണവും നിർവഹിച്ചു.
പിൽക്കാലത്ത് സിനിമ മേഖലയിൽനിന്ന് അകന്ന കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിൾ സംബന്ധിയായ പുസ്തകങ്ങളിലെ ഇല്ലസ്‌ട്രേഷനുകളിലേക്കും വഴിമാറി. എറണാകുളത്ത് 'കിത്തോസ് ആർട്സ്' എന്ന സ്ഥാപനവും നടത്തിയിരുന്നു. ലില്ലിയാണ് ഭാര്യ. മക്കള്‍: അനിൽ (ദുബൈ), കമൽ കിത്തോ. ഇളയ മകൻ കമൽ കിത്തോ കലാരംഗത്ത് പ്രവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.