പാഠപുസ്തകം കാണാതെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷ; ചോദ്യങ്ങളിൽ പകച്ച് വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: അധ്യയനം പൂർത്തിയാക്കാതെയും പാഠപുസ്തകം ഇല്ലാതെയും നടത്തിയ സ്കൂൾ വാർഷിക പരീക്ഷയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളെ വലച്ച് കലാകായിക പ്രവൃത്തി പരിചയ പരീക്ഷ. മതിയായ സമയം ലഭിക്കാത്തതിനാൽ മിക്ക സ്കൂളുകളിലും ഈ വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് ലഭിച്ചിട്ടില്ല. സമഗ്ര പോർട്ടലിൽ അപ്ലോഡ് ചെയ്ത പാഠപുസ്തകം മിക്ക വിദ്യാർഥികളും കണ്ടിട്ടുപോലുമില്ല.
നവംബറിൽ ഭാഗികമായും ഫെബ്രുവരി അവസാനം മാത്രം പൂർണമായും തുടങ്ങിയ അധ്യയനത്തിൽ കലാകായിക പ്രവൃത്തിപരിചയ വിഷയത്തിൽ ക്ലാസ് നൽകാൻ സമയം ലഭിച്ചിരുന്നില്ല. എന്നാൽ സമഗ്ര പോർട്ടലിൽ മാത്രമുള്ള പാഠഭാഗങ്ങൾ പൂർണമായും ഉപയോഗിച്ചുള്ള ചോദ്യപേപ്പർ കിട്ടിയതോടെ വിദ്യാർഥികൾ പരീക്ഷ ഹാളിൽ അങ്കലാപ്പിലായി. ചോദ്യങ്ങളായി വന്ന പല കാര്യങ്ങളും കേട്ടിട്ട് പോലുമില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
കലാമണ്ഡലം സത്യഭാമ ചിട്ടപ്പെടുത്തിയ രണ്ട് നൃത്ത നാടകങ്ങളുടെ പേരെഴുതാൻ ചോദ്യമുണ്ടായിരുന്നു. ഇങ്ങനെ ഒരു പാഠഭാഗം പഠിച്ചിട്ട് പോലുമില്ലെന്ന് കുട്ടികൾ പറയുന്നു.
കുട്ടികൾ സ്വന്തം മുഖം മനസ്സിൽ ഓർത്തുവരക്കാനും ചോദ്യമുണ്ടായിരുന്നു. എസ്.സി.ഇ.ആർ.ടി മേൽനോട്ടത്തിൽ ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾക്കായിരുന്നു (ഡയറ്റ്) എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ചോദ്യപേപ്പർ തയാറാക്കാനുള്ള ചുമതല.
വിദ്യാർഥികളെ ബുദ്ധിമുട്ടിക്കാത്ത രൂപത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്താനായിരുന്നു നിർദേശമെങ്കിലും കലാകായിക പ്രവൃത്തി പരിചയത്തിൽ ആ സമീപനം ഉണ്ടായില്ല.
കലാകായിക പ്രവൃത്തി പരിചയം വിദ്യാർഥികൾക്ക് പാഠ്യവിഷയമാക്കിയിട്ടുണ്ടെങ്കിലും വർഷങ്ങളായി ഇതിൽ നടക്കുന്ന പഠന പ്രവർത്തനങ്ങൾ പ്രഹസനമാണെന്ന് അധ്യാപകരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.