ശവപ്പെട്ടി ഒഴിവാക്കി അർത്തുങ്കൽ പള്ളി; സംസ്കാരം തുണിക്കച്ചയിൽ പൊതിഞ്ഞ്
text_fieldsചേർത്തല: മൃതദേഹം സംസ്കരിക്കുന്നതിന് ശവപ്പെട്ടി ഒഴിവാക്കി അർത്തുങ്കൽ സെന്റ് ജോർജ് പള്ളി. യഹൂദ രീതിയിൽ തുണിക്കച്ചയിൽ പൊതിഞ്ഞ് മണ്ണിൽ സംസ്കരിക്കുന്ന രീതിയാണ് പള്ളിയിൽ നടപ്പാക്കിയത്.
കഴിഞ്ഞദിവസവും ഞായറാഴ്ചയും സംസ്കാര ചടങ്ങുകൾ ഇതേ രീതിയിലായിരുന്നു. കൊച്ചി രൂപതയിലെ പ്രസിദ്ധമായ പള്ളിയാണ് അർത്തുങ്കലിലേത്.
ശവപ്പെട്ടിയിൽ സംസ്കരിക്കുമ്പോൾ പ്ലാസ്റ്റിക് ആവരണങ്ങൾ ഉപയോഗിക്കുന്നതിനാൽ വർഷങ്ങൾ കഴിഞ്ഞാലും മൃതദേഹം മണ്ണിനോട് ചേരാതെ വരുന്ന സാഹചര്യത്തിലാണ് പുതിയ രീതി സ്വീകരിച്ചത്. അഞ്ചുവർഷം മുമ്പ് പെട്ടിയിൽ അടക്കം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ദ്രവിക്കാതെ കണ്ടതിനെ തുടർന്നാണ് വികാരി ഫാ. ജോൺസൺ തൗണ്ടിയിൽ ഈ ആശയം അവതരിപ്പിച്ചത്. ഇടവകയിലെ അംഗങ്ങളുമായും 33 കുടുംബ യൂനിറ്റുകളിലും ഇക്കാര്യം ചർച്ച ചെയ്തു. എല്ലാവരുടെയും സംശയങ്ങളും ആശങ്കകളും പരിഹരിച്ചശേഷം പാസ്റ്ററൽ കൗൺസിലിന്റെ അനുമതിയോടെയാണ് പുതിയ രീതി നടപ്പാക്കിയത്.
മൃതദേഹം എത്തിക്കുന്നതിന് മൂന്ന് സ്റ്റീൽ പെട്ടികൾ തയാറാക്കിയിട്ടുണ്ട്. സെമിത്തേരിയിൽ കുഴിവെട്ടിയ ശേഷം തുണിവിരിക്കും. തുടർന്ന് പൂക്കൾ വിതറിയ ശേഷമാണ് കച്ചയിൽ പൊതിഞ്ഞ് മൃതദേഹം വെക്കുന്നത്. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.