പടച്ചോൻ എന്ന പോരാളി
text_fieldsഇത്തവണ പാലോറമലക്കാർ മുെമ്പങ്ങുമില്ലാത്തവിധം സ്വാതന്ത്ര്യദിനം വ്യത്യസ്തമായിതന്നെ ആചരിക്കും. നാട്ടുകാരെല്ലാം ഒരുമിച്ചുകൂടി അന്നേ ദിവസം ഒരു പദയാത്ര സം ഘടിപ്പിക്കുന്നുണ്ട്. കേവലമായ സ്വാതന്ത്ര്യദിനാചരണത്തിനപ്പുറം അതൊരു പ്രായശ്ചിത്തം കൂടിയാണ്. പുതിയൊരു രാജ്യം സ്വപ്നം കണ്ട് സ്വാതന്ത്ര്യത്തിനായി ഇറങ്ങിത്തിരിച്ച ധീരനായ ഒരു പോരാളിയെ പിൽക്കാലത്ത് ചരിത്രവും ഭരണകൂടവും മറന്നപ്പോൾ, പുതിയ ചരിത്രരചനക്കായുള്ള ഒരുക്കമാണ് ഇൗ പദയാത്രയിലൂടെ നാട്ടുകാർ ലക്ഷ്യമിടുന്നത്.
ആദ്യം ബ്രിട്ടീഷുകാർക്കെതിരായ സമരത്തിെൻറ മുന്നണിയിലും പിന്നീട് ‘സ്വാതന്ത്ര്യ സമര സേനാനി’ എന്ന അംഗീകാരത്തിനായും പോരാടിയ എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ. പാലോറമലയിലെ ഇൗ പോരാളിക്കുമുണ്ട് അത്തരമൊരു കഥപറയാൻ. എക്കാലത്തും നമ്മുടെ രാജ്യത്തിെൻറ ശാപമായ ജാതീയതയുടെ കൊടും പീഡനത്തിനിരയായി ചരിത്രത്തിൽനിന്ന് തിരസ്കൃതനായ ഒരു ദലിതെൻറ കഥയാണ് ‘പടച്ചോൻ തെയ്യോെൻറത്’. കൗതുകകരമെന്ന് തോന്നാവുന്ന ആ പേരിൽപോലും ഒളിഞ്ഞുകിടക്കുന്നുണ്ട് ജാതീയതയുടെ ഒരു ചരിത്രം. ഏതാനും നാളുകൾക്ക് മുമ്പ് മൺമറഞ്ഞ തെയ്യോനെ ഇനിയും ചരിത്രത്തിെൻറ പിന്നിൽ നിർത്താനാവില്ലെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് പാലോറമലക്കാർ.
‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’. നിസ്സഹകരണം, സത്യഗ്രഹം, അഹിംസ തുടങ്ങിയ സമരമാർഗങ്ങൾ മാറ്റിെവച്ച് അക്രമസമരങ്ങളിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം ശക്തമാക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ് തീരുമാനിച്ച സമയം. ബ്രിട്ടീഷുകാർ ഇന്ത്യ വിടുക (ക്വിറ്റ് ഇന്ത്യ) എന്ന ഏക അജണ്ടയിൽ രാജ്യമെങ്ങും അലയടിച്ച ആ സമരത്തിെൻറ കാറ്റ് വേഗത്തിൽ ഇങ്ങ് കേരളത്തിലുെമത്തി. 1942 ആഗസ്റ്റ് 19ന് കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിലാണ് ആദ്യവെടി പൊട്ടിയത്. കൊയിലാണ്ടി^താമരശ്ശേരി റോഡിലെ ഉള്ള്യേരി മരപ്പാലം സമരക്കാർ പൊളിച്ചത് അന്ന് രാത്രിയാണ്. വയനാട് ഭാഗത്തുനിന്ന് യുദ്ധകാലത്ത് ലോറികളും ബസുകളും ഓടിക്കുന്നതിന് ആവശ്യമായ കരി കൊണ്ടുവരുന്നത് തടയുക എന്നതായിരുന്നു പാലം പൊളിക്കലിലൂടെ സമരക്കാർ ലക്ഷ്യമിട്ടിരുന്നത്. ആ അർഥത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഒാപറേഷനായിരുന്നു അത്.
ഉള്ള്യേരിയിലെ കോൺഗ്രസ് പ്രവർത്തകരായ എൻ.കെ. ദാമോദരൻ നായർ, കെ. ശങ്കരൻ നായർ, എം. മാധവൻ നമ്പ്യാർ, എം. നാരായണൻ നമ്പ്യാർ, കെ.എൻ. പോലാൻ നയർ തുടങ്ങി പത്തോളം പേരായിരുന്നു ഒാപറേഷന് നേതൃത്വം നൽകിയത്. പ്രേത്യകതരം ആണികൾകൊണ്ട് നിർമിച്ച ആ പാലം പൊളിക്കുക അത്ര എളുപ്പമായിരുന്നില്ല. അക്കാലത്ത് െപാതുമരാമത്ത് വകുപ്പിൽ കൂലിപ്പണി ചെയ്തിരുന്ന അരിമ്പമലയിൽ തോളൂരാൻ എന്ന ദലിതനെയാണ് അവർ ഇതിനായി സമീപിച്ചത്. സഹോദരിപുത്രൻ തെയ്യോൻ എന്ന 12കാരനെയും കൂട്ടിയാണ് തോളൂരാൻ എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തോളൂരാനും തെയ്യോനും പാലം പൊളിച്ചു കളഞ്ഞു.
പിറ്റേന്ന് രാവിലെ കപ്പയുമായി അതിലെ വന്ന കേളുകുട്ട്യാരാണ് പാലം പൊളിച്ചത് ആദ്യമായി കണ്ടത്. കുമ്മയപ്പുറത്ത് ഹാജ്യാർ വഴി വാർത്ത അധികാരിയിലെത്തി. ഉടൻ കേസ് രജിസ്റ്റർ ചെയ്തു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. കേസിെൻറ പ്രാധാന്യം കണക്കിലെടുത്ത് പത്ത് പ്രതികളെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് പ്രതികളിൽ ഒമ്പത് പേരെയും കുറ്റക്കാരെന്ന് കണ്ടെത്തി ബെല്ലാരി ജയിലിൽ അടച്ചു. ഇവർ മൂന്ന് വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചു.
പൊലീസ് രേഖകളിൽ തെയ്യോനും തോളൂരാനും പ്രതിയായിരുന്നില്ല. ഒാപറേഷൻ കഴിഞ്ഞ് തെയ്യോൻ കുറച്ചുകാലം ഒളിവുജീവിതം നയിച്ചതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായില്ലെന്നതാണ് വാസ്തവം. ഉള്ള്യേരി ഒാപറേഷന് ശേഷവും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ സജീവമായിരുന്നു തെയ്യോൻ. പിന്നീട്, ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, സ്വാതന്ത്ര്യ സമര പോരാളികൾക്ക് പെൻഷൻ അനുവദിച്ചപ്പോഴാണ് ‘കൃത്യമായ രേഖ’യില്ലാത്തതിെൻറ പ്രയാസം തെയ്യോൻ മനസ്സിലാക്കുന്നത്. അറസ്റ്റ് രേഖയും മറ്റുമില്ലാത്തതിനാൽ തെയ്യോനെ സ്വാതന്ത്ര്യസമര സേനാനിയായി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അധികാരികളുടെ വാദം. പിന്നീട് ആ പദവിക്കുള്ള പോരാട്ടത്തിലായി തെയ്യോൻ. നൂറുകണക്കിന് നിവേദനങ്ങൾ അധികാരികൾക്ക് അയച്ചു. മുഖ്യമന്ത്രിയായിരിക്കെ എ.കെ. ആൻറണിയെ നേരിട്ട് പോയി കണ്ടു. ഏകദേശം 30 വർഷം നീണ്ട ആ പോരാട്ടത്തിന് ഫലം കണ്ടത് 2014ലാണ്. അങ്ങനെ ജീവിത സായാഹ്നത്തിൽ തെയ്യോനും സ്വാതന്ത്ര്യസമര പോരാളിയായി അംഗീകരിക്കപ്പെട്ടു. നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ദലിതുകളെ എങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതിെൻറ ഏറ്റവും മികച്ച ഉദാഹരണമാണ് തെയ്യോെൻറ ജീവിതം.
1928 ജൂലൈ ഒന്നിന് വാഴവളപ്പിൽ വെള്ളൻ^മത്തിയേയി ദമ്പതികളുടെ അഞ്ചു മക്കളിലൊരാളായിരുന്നു തെയ്യോൻ. നാട്ടിലെ പ്രധാന ജന്മിയായിരുന്ന തൊടുവയിൽ നമ്പീശെൻറ പണിക്കാരനായിരുന്നു വെള്ളൻ. മൂന്നാം ക്ലാസ് വരെ പഠിച്ച തെയ്യോെൻറ സ്കൂൾ രേഖകളിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത് ഗോപാലൻ എന്നാണ്. വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതിനുള്ള കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത് ‘ലോങ് ആബ്സെൻറ്’ എന്നും. എങ്ങനെയാണ് ഗോപാലൻ തെയ്യോനായി മാറിയത്? അക്കാലത്ത് നിലനിന്നിരുന്ന കൊടിയ ജാതീയ വിവേചനങ്ങളിലേക്ക് വിരൽചൂണ്ടുന്നുണ്ട് ഇവ രണ്ടും.
ഉള്ള്യേരി ജി.എൽ.പി സ്കൂളിലായിരുന്നു ഗോപാലെൻറ പഠനം. വടകരയുള്ള ശങ്കരൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. പഠനത്തിൽ മിടുക്കനായിരുന്ന ഗോപാലന് അദ്ദേഹം തെൻറ ഒാഹരി കഞ്ഞി നൽകിയിരുന്നു. തൊടുവയിൽ നമ്പീശെൻറ മകനും ആ സ്കൂളിൽ തന്നെയാണ് പഠിച്ചിരുന്നത്. അയാൾക്ക് പ്രേത്യക ബെഞ്ച് കൊണ്ടുവരുമായിരുന്നുവത്രെ. അടിയാളെൻറ മകൻ സ്കൂളിൽ പഠിക്കുന്നത് അവർക്ക് ഇഷ്ടമായിരുന്നില്ല. നമ്പീശൻ ഇക്കാര്യം വെള്ളനോട് തുറന്നു പറയുകയുംചെയ്തു. തൽക്കാലം ഗോപാലൻ പശുവിനെ നോക്കാൻ നിൽക്കെട്ടയെന്നായിരുന്നു നമ്പീശെൻറ ഉത്തരവ്. ഒപ്പം പേരും മാറ്റാൻ നിർദേശിച്ചു. അങ്ങനെ ഗോപാലൻ തെയ്യോനായി.
എന്നാൽ, തെയ്യോൻ അവിടെ നിന്നില്ല. അമ്മാവനോടൊപ്പം പൊതുമരാമത്തിെല താൽക്കാലിക ജീവനക്കാരനായി. റോഡിെൻറ ഇരുവശവും വൃത്തിയാക്കുക,പി.ഡബ്ല്യ.ഡി ജീവനക്കാർക്ക് ആവശ്യമായ സഹായം നൽകുക തുടങ്ങിയവയൊക്കെയായിരുന്നു ജോലി. ആ േജാലിയിലിരിക്കെയാണ് സ്വാതന്ത്ര്യ സമര പോരാട്ട ഭൂമികയിലെത്തുന്നതും. കരിയറ്റിക്കൽ ശങ്കരനാരായണനായിരുന്നു രാഷ്ട്രീയ ഗുരുനാഥൻ.
െകായിലാണ്ടിയിൽ റോഡ് പണിയിലിരിക്കെയാണ് ഏതാനും കോൺഗ്രസ് വളൻറിയർമാർ ആ സന്തോഷ വാർത്ത തെയ്യോനെയും കൂട്ടരെയും അറിയിച്ചത്: ‘‘നിങ്ങള് സ്വാതന്ത്ര്യം കിേട്ട്യത് അറിഞ്ഞില്ലേ?’’. ആ ‘സ്വാതന്ത്ര്യം’ ശരിക്കും ആഘോഷിക്കാൻ തന്നെ തെയ്യോൻ തീരുമാനിച്ചു. അതുവരെ തങ്ങളുടെ ജാതിക്കാർക്ക് വിലക്കുണ്ടായിരുന്ന െപാതുകുളത്തിലേക്കാണ് അവർ നേരെ പോയത്. മതിവരുവോളം കുളിച്ചു. ക്ഷേത്രപ്രവേശന വിളംബരമൊക്കെ കഴിഞ്ഞ് കാലമേറെയായിട്ടും ഉള്ള്യേരിയിലും സമീപ പ്രദേശങ്ങളിലുമൊക്കെ അതൊന്നും പ്രാബല്യത്തിൽ വന്നിരുന്നില്ല. ‘സ്വാതന്ത്ര്യ’ വാർത്ത കേട്ട് തെയ്യോൻ അവിടത്തെ കോേങ്കാട്ടുമ്മൽ ക്ഷേത്രത്തിലും പോയി.
പൊതുഹോട്ടലുകളിലും ബാർബർ ഷോപ്പുകളിലുെമല്ലാം അന്ന് ദലിതർക്ക് പ്രവേശന സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഒരിക്കൽ വടകരയിലെ ഒരു ഹോട്ടലിൽനിന്ന് ചായകുടിച്ചതിന് പിഴയായി മൂന്നു രൂപ (പിഴയും ഗ്ലാസിെൻറ വിലയും ചായയുടെ കാശും ചേർത്ത്) ഇൗടാക്കിയ സംഭവമൊക്കൊ തെയ്യോൻ പറഞ്ഞിട്ടുണ്ട്. തെയ്യോൻ സംസാരം തുടങ്ങുന്നതിന് മുമ്പ് എപ്പോഴും ‘പടച്ചോനെ’ എന്നു പറയുമായിരുന്നത്രെ. അങ്ങനെയാണ് ആ പേരിന് മുന്നിൽ ‘പടച്ചോൻ’ എന്ന് വന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, തൊടുവയിൽ നമ്പീശൻ തെൻറ പേര് മാറ്റിയതിൽ പ്രതിഷേധിച്ചാണ് പിൽക്കാലത്ത് ‘പടച്ചോൻ’എന്ന് ചേർത്തതെന്നും പറയപ്പെടുന്നു.
സ്വാതന്ത്ര്യാനന്തരം തെയ്യോെൻറ പ്രവർത്തനങ്ങൾ അയിത്തനിർമാർജന പ്രവർത്തനങ്ങളിലേക്ക് മാറി. ഇതിനിടയിൽ ഉള്ള്യേരിയുടെ വികസനവും അദ്ദേഹത്തിെൻറ അജണ്ടയായി. ആ നാട്ടിൽ ആരോഗ്യ സേവന കേന്ദ്രവും റോഡുകളും റേഷൻ കടയും മാവേലി സ്റ്റോറുമെല്ലാം യാഥാർഥ്യമായത് തെയ്യോൻ അധികാരികൾക്കയച്ച നൂറുകണക്കിന് നിവേദനങ്ങളുടെ ഫലമായാണ്. നാട്ടുകാർക്കുവേണ്ടി ഉഴിഞ്ഞുവെച്ച ആ ജീവിതത്തിനിടയിൽ സ്വന്തം ജീവിതം അദ്ദേഹം മറന്നുപോയിരുന്നു. സ്വന്തമായി ഒരു കൂര പണിയാൻ അദ്ദേഹത്തിനായില്ല. മകൻ ഷൺമുഖെൻറ ചെറിയ വീട്ടിൽവെച്ചാണ് അദ്ദേഹം മരിച്ചത് (2017 ജൂൺ 22).
നമ്മുടെ മുഖ്യധാര ചരിത്രത്തിലൊരിടത്തും തെയ്യോെൻറ പേരില്ല. ഏതാനും വർഷം മുമ്പ് നാട്ടുകാർ ‘ഉള്ള്യേരിയുെട സ്വാതന്ത്ര്യ സമര ചരിത്രം’ എന്ന പേരിൽ ഒരു പുസ്തകം തയാറാക്കിയപ്പോഴും തെയ്യോൻ പുറത്തായിരുന്നു. കഴിഞ്ഞ വർഷം കൊയിലാണ്ടി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും വിദ്യാർഥികൾ തെയ്യോനെക്കുറിച്ച് ഒരു ഡോക്യുമെൻററി തയാറാക്കിയതു മാത്രമാണ് എടുത്തുപറയത്തക്കതായ ഒരു രേഖയുള്ളത്.
അവസാന ശ്വാസംവരെയും ഗാന്ധിയനായിരുന്നു തെയ്യോൻ. അലക്കിത്തേച്ച ഖദർ ജുബ്ബയും ത്രിവർണ ഷാളും ഗാന്ധിത്തൊപ്പിയും ധരിക്കുന്ന ഇൗ കുറിയ മനുഷ്യൻ എല്ലാ സ്വാതന്ത്ര്യദിനത്തിലും പതിവ് തെറ്റാതെ ത്രിവർണ പതാകയുമേന്തി ഒരു പദയാത്ര നടത്തും. വഴിവക്കിലെ വിദ്യാലയങ്ങളും സർക്കാർ മന്ദിരങ്ങളുമെല്ലാം ഇൗസമയത്ത് സന്ദർശിക്കും. കഴിയാവുന്നത്ര പതാക ഉയർത്തൽ ചടങ്ങുകളിൽ പെങ്കടുക്കും. തെയ്യോെൻറ ജീവിതകാലത്ത് നാട്ടുകാർക്ക് ഇതിൽ വലിയ കാര്യമൊന്നും തോന്നിയിരുന്നില്ല. പക്ഷേ, ഇൗ വരുന്ന സ്വാതന്ത്ര്യദിനത്തിൽ അങ്ങനെയൊരു പദയാത്ര ഇല്ലെന്ന് അറിയുേമ്പാഴാണ് പാലോറമലക്കാർ തങ്ങളുടെ നഷ്ടം തിരിച്ചറിയുന്നത്. ആ തിരിച്ചറിവിലാണ് നാട്ടുകാർ ഒന്നടങ്കം പദയാത്രക്കൊരുങ്ങുന്നത്. ഇൗ പദയാത്ര പുതിയൊരു ചരിത്ര രചനയുടെ തുടക്കമാകെട്ട!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.