വി.എച്ച്.പി മുഖപ്പത്രത്തിൽ ഗുരുവിനെ ഇകഴ്ത്തി ലേഖനം; എതിർപ്പുമായി ശിവഗിരി മഠം
text_fieldsനെടുമ്പാശ്ശേരി: ശ്രീനാരായണ ഗുരുവിനെ ഇകഴ്ത്തി ലേഖനം പ്രസിദ്ധീകരിച്ചതിനെച്ചൊല്ലി വിശ്വഹിന്ദു പരിഷത്തിനെതിരെ ശിവഗിരി മഠം രംഗത്ത്. വി.എച്ച്.പി മുഖപ്പത്രമായ ‘ഹിന്ദുവിശ്വ’യിൽ ഡോ. സി.ഐ. ഐസക് എഴുതിയ ലേഖനമാണ് വിവാദമായത്. തുടർന്ന് ശിവഗിരി മഠത്തിന്റെ എതിർപ്പ് തണുപ്പിക്കാൻ മഠം അധ്യക്ഷൻ സച്ചിദാനന്ദ സ്വാമിയുടെ പ്രതികരണം പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട ഐസക്കിന്റെ ലേഖനത്തിൽ ചട്ടമ്പിസ്വാമികളുടെ രംഗപ്രവേശനത്തോടെയാണ് കേരളം പുതിയ സന്യാസി പരമ്പരയുടെ പിറവിക്ക് സാക്ഷ്യം വഹിച്ചതെന്നും നവീകരണ പ്രസ്ഥാനമുണ്ടായതെന്നും പറയുന്നു. ശ്രീ നാരായണഗുരു ചട്ടമ്പിസ്വാമികളുടെ ശിഷ്യനാണെന്ന് സവർണ ലോബിക്കായി ചിലർ നടത്തുന്ന പ്രചാരണം ഐസക്കിന്‍റെ ലേഖനം അതേപടി ഏറ്റുപിടിക്കുന്നു എന്നും ആക്ഷേപമുണ്ട്. ലേഖനം പ്രസിദ്ധപ്പെടുത്തിയതിൽ ശിവഗിരി മഠത്തിന്റെ ഖേദവും സച്ചിദാനന്ദ സ്വാമി വിശദമായ പ്രതികരണത്തിൽ അറിയിക്കുന്നുണ്ട്.
ശ്രീനാരായണ ഗുരുവാകുന്ന ദീപസ്തംഭത്തിൽ ചട്ടമ്പിസ്വാമിയെന്ന പതാക കെട്ടാൻ ശ്രീനാരായണ ശിഷ്യർ ഒരിക്കലും അനുവദിക്കില്ലെന്നാണ് ഇതിന് ശിവഗിരി മഠത്തിന്‍റെ മറുപടി. ചട്ടമ്പിസ്വാമികൾ സാമൂഹിക പരിഷ്കർത്താവോ വിപ്ലവകാരിയോ ആയിരുന്നില്ല. മറിച്ച് കർമവിരാഗിയും ബ്രഹ്മവിദ്വരനുമായ ജ്ഞാനിയായിരുന്നു എന്നും സച്ചിദാനന്ദസ്വാമി സമർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.