നവോത്ഥാനത്തിൽ മന്നത്തിെൻറ സംഭാവന എടുത്തുപറഞ്ഞ് 'ദേശാഭിമാനി'യിൽ ലേഖനം
text_fieldsകോട്ടയം: എ.കെ.ജിക്കൊപ്പം മന്നത്ത് പത്മനാഭന് സ്ഥാനം നൽകി 'ദേശാഭിമാനി'യിൽ ലേഖനം. വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങളിലെ മന്നത്തിെൻറ ഇടപെടൽ വിശദീകരിക്കുന്ന ലേഖനം, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെങ്കിലും അദ്ദേഹത്തിെൻറ നവോത്ഥാന സമരത്തിലെ സംഭാവനകളെ ചെറുതാക്കി കാണാനാകില്ലെന്നും ചൂണ്ടിക്കാട്ടുന്നു. എ.കെ.ജി നയിച്ച ഗുരുവായൂർ സത്യഗ്രഹ ജാഥ വിജയിപ്പിക്കുന്നതിൽ മന്നം വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്നം സമാധിദിനത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. ശിവദാസൻ എഴുതിയ ലേഖനത്തിൽ പറയുന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടതിനു പിന്നാലെ ശബരിമല പ്രക്ഷോഭകാലത്തെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
ഇതിനിടെയാണ് 'നവോത്ഥാന പ്രസ്ഥാനവും മന്നത്ത് പത്മനാഭനും' എന്ന തലക്കെട്ടിൽ സി.പി.എം നേതാവിെൻറ തന്നെ ലേഖനം ദേശാഭിമാനിയിൽ പ്രത്യക്ഷെപ്പട്ടിരിക്കുന്നത്.
സാമൂഹിക പ്രശ്നങ്ങളോടുള്ള മന്നത്തിെൻറ സമീപനങ്ങളിലെ ബഹുമാന്യത അടയാളപ്പെടുത്തുന്ന രണ്ട് പ്രധാന സംഭവങ്ങളാണ് വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങളിൽ അദ്ദേഹമെടുത്ത നിലപാടുകൾ. ഗുരുവായൂർ സത്യഗ്രഹ സംഘാടനത്തിെൻറ ആലോചന യോഗത്തിൽ ഉൾപ്പെടെ മന്നം പങ്കെടുത്തിരുന്നു. ക്ഷേത്രപ്രവേശനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളുടെ പ്രധാന നേതാക്കളായിരുന്നു കെ. കേളപ്പനും എ.കെ.ജിയും കൃഷ്ണപിള്ളയും മന്നത്ത് പത്മനാഭനും ഉൾപ്പെടെയുള്ളവർ -ലേഖനത്തിൽ പറയുന്നു.
ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരത്തിെൻറ പ്രചാരണാർഥം എ.കെ.ജിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നടന്നിരുന്നു. അതിെൻറ സ്വീകരണ കേന്ദ്രങ്ങളിൽ പലയിടത്തും പ്രസംഗിച്ച മന്നം, പെരുന്നയിലെ വീട്ടിൽ ജാഥ അംഗങ്ങളെ പ്രത്യേകമായി സ്വീകരിക്കുകയും അവർക്കായി ഭക്ഷണമൊരുക്കുകയും ചെയ്തു.
ചങ്ങനാശ്ശേരിയിൽ ജാഥയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ച് നടത്തിയ യോഗത്തിെൻറ മുഖ്യസംഘാടകനും അദ്ദേഹം തന്നെയായിരുന്നു. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിെൻറ വളൻറിയർ ക്യാപ്റ്റനായിരുന്ന എ.കെ.ജി നയിച്ച ജാഥ വിജയിപ്പിക്കുന്നതിൽ മന്നം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
ഗുരുവായൂർ സമരത്തിൽ മുന്നിലുണ്ടായിരുന്ന കെ. കേളപ്പനും സുബ്രഹ്മണ്യം തിരുമുമ്പും എ.കെ.ജിയും വടക്കൻ കേരളത്തിൽനിന്നുള്ളവരായിരുന്നുവെങ്കിൽ മന്നത്ത് പത്മനാഭൻ തെക്കൻ കേരളത്തിൽനിന്നായിരുന്നുവെന്ന പ്രത്യേകതയുമുണ്ട് -ലേഖനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.