അശാന്തെൻറ മൃതദേഹത്തോട് അനാദരവ്: കൗൺസിലറടക്കം 20 പേർക്കെതിരെ കേസ്
text_fieldsകൊച്ചി: ചിത്രകാരൻ അശാന്തെൻറ മൃതദേഹം എറണാകുളം ദർബാർ ഹാളിൽ പൊതുദർശനത്തിനുവെക്കുന്നതിനെ ചിലർ തടഞ്ഞ സംഭവത്തിൽ കോർപറേഷൻ കൗൺസിലറടക്കം 20 പേർക്കെതിരെ കേസ്. എറണാകുളം സൗത്ത് ഡിവിഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ കെ.വി.പി. കൃഷ്ണകുമാർ, ഒപ്പമുണ്ടായിരുന്ന രാജേന്ദ്രപ്രസാദ് തുടങ്ങിയവർക്കെതിരെയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നതിനും ആർട്ട് ഗാലറി അധികൃതരടക്കമുള്ളവരെ അസഭ്യം വിളിച്ചതിനും പോസ്റ്ററുകളടക്കം ചീന്തിയെറിഞ്ഞതിനുമാണ് കേസ്.
ഫോർട്ട്കൊച്ചി ആർട്ട് ഗാലറി, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിലെ ചിത്രകല-വാസ്തുകല അധ്യാപകനായ അശാന്തൻ എന്ന -മഹേഷ് (50) ബുധനാഴ്ചയാണ് നിര്യാതനായത്. അദ്ദേഹത്തിെൻറ നിരവധി ചിത്രപ്രദർശനങ്ങൾക്ക് വേദിയായ ദര്‍ബാര്‍ഹാളിൽ മൃതദേഹം െപാതുദർശനത്തിന് വെക്കാൻ സുഹൃത്തുക്കൾ തീരുമാനിച്ചു. ഇതിനിടെ, എറണാകുളം ശിവക്ഷേത്രത്തിനു മുന്നിലൂടെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നുപറഞ്ഞ് ക്ഷേത്രം ഭാരവാഹികളും ഒരുവിഭാഗം വിശ്വാസികളും രംഗത്ത് എത്തുകയായിരുന്നു.
സംഘത്തിൽ കൃഷ്ണകുമാറുമുണ്ടായിരുന്നു. ഇൗ നിലപാടിനെതിരെ കലാകാരന്മാരും രംഗത്തെത്തി. ഇതിനിടെ, അശാന്തന് ആദരാഞ്ജലി അർപ്പിച്ച് ദർബാർഹാൾ പരിസരത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് ചിലർ കീറിയെറിഞ്ഞു. പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് ഹാളിെൻറ പിറകിലൂടെയാണ് മൃതദേഹം ഗാലറി വളപ്പിലെത്തിച്ചത്.
പൊലീസിെൻറ നേതൃത്വത്തിൽ നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായായിരുന്നു ഈ തീരുമാനം. സർക്കാർ സ്ഥാപനമായ അക്കാദമിയിൽ കലാകാരെൻറ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതിനെ എതിർത്തവരെ അനുകൂലിക്കുന്ന നിലപാടാണ് പൊലീസും കൗൺസിലറും സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. സംസ്ഥാന പുരസ്കാര ജേതാവായ കലാകാരെൻറ മൃതദേഹത്തോട് കാണിച്ച അനാദരവിന് പിന്നിൽ ഒരുവിഭാഗത്തിെൻറ അന്ധമായ ദലിത് വിരോധമാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ഇതിനിടെ കൗൺസിലർ കൃഷ്ണകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ കൊച്ചി മേയർ സൗമിനി ജയിനിന് നിവേദനം നല്കി. കലാകാരെൻറ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതിനെതിരെ ജനപ്രതിനിധിതന്നെ രംഗത്തുവന്നത് ജനാധിപത്യവിരുദ്ധമാണെന്ന് കൂട്ടായ്മയുടെ കണ്‍വീനര്‍ വിനീത വിജയന് പറഞ്ഞു.
മേയറുടെ പ്രതികരണം തൃപ്തികരമല്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് തീരുമാനം. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് മൗനം പാലിച്ചെന്നും കൂട്ടായ്മ ആരോപിച്ചു. എന്നാൽ, പ്രശ്നം വഷളാവാതിരിക്കാൻ രണ്ടുകൂട്ടരോടും ചർച്ചക്ക് മുതിരുക മാത്രമാണ് താൻ ചെയ്തെതന്ന് കെ.വി.പി. കൃഷ്ണകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. പരാതി ലഭിച്ചശേഷമാണ് സംഭവത്തെപ്പറ്റി അറിയുന്നതെന്നും കൗൺസിലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയർ സൗമിനി ജയിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.