അനായാസ രേഖ ചിത്രങ്ങളുടെ ഉടമ -ആർട്ടിസ്റ്റ് മദനൻ
text_fieldsഞാൻ ജനിച്ച 1960 കാലഘട്ടത്തിലാണ് ആർട്ടിസ്റ്റ് നമ്പൂതിരി മാതൃഭൂമിയിൽ വരച്ച് തുടങ്ങിയത്. നമ്പൂതിരിയെ കാണുന്നതാകട്ടെ വർഷങ്ങൾക്കു ശേഷമാണ്. 1980 ലാണ് മാതൃഭൂമിയിലെത്തുന്നത് ആർട്ടിസ്റ്റ് നമ്പൂതിരി മാതൃഭൂമിയിൽ നിന്നു പോയതിനു ശേഷമുള്ള ഒഴിവിലേക്കാണ് ഞാൻ എത്തിപ്പെടുന്നത്. നമ്പൂതിരിയുമായി കൂടുതൽ അടുക്കുന്നത് 1993-95 വരെ അദ്ദേഹം കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്താണ്. ലളിതകലാ അക്കാദമി അംഗമായി ഞാനുമുണ്ടായിരുന്നു. പല കാര്യങളിലും ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു.
അദ്ദേഹം എന്നെ നോക്കി വരച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ ഇരുത്തി വരച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്കുള്ള പ്രത്യേകത വളരെ നേരിയ വരകളാണ് എന്നതാണ്. ആദ്യകാലത്ത് അങ്ങനയല്ലെങ്കിലും നമ്പൂതിരി നേടിയെടുത്തത് നേരിയ വരകൾ കൊണ്ട് വളരെ മനോഹരമായ ഭാവുകത്വം ഉണ്ടാക്കുക എന്നതായിരുന്നു. ഒരു കലാകാരന് ഏറ്റവും വേണ്ടത് ഒബ്സർവേഷനാണ്.അത് ഏറ്റവും കൂടുതൽ തെളിഞ്ഞു കാണുന്നത് നമ്പൂതിരിയുടെ വരയിൽകൂടിയാണ്. പഴയ പൂർവികമായ പല ആചാരങ്ങളും മനസ്സിൽ നിന്നെടുത്ത് വരക്കാനുള്ള കഴിവ് നമ്പൂതിരിക്കുണ്ടായിരുന്നു. നാട്ടിന്റെ കഥ പറയുമ്പോൾ ആ നാടിന്റെ പ്രകൃതി മനോഹരമായാണ് നമ്പൂതിരി ചിത്രീകരിച്ചിരുന്നത്.
സ്ത്രീകളെ നമ്പൂതിരി വരച്ചിരുന്നത് വളരെ മനോഹരമായിട്ടായിരുന്നു. പുരുഷന് സ്ത്രീയോടു തോന്നുന്ന വികാരം നമ്പൂതിരി ചിത്രങ്ങളിൽ പ്രതിഫലിച്ചിരുന്നു. വളരെ പ്രശസ്തമാണ് നമ്പൂതിരിയുടെ സ്ത്രീ കഥാപാത്രങ്ങൾ. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ മാതൃഭൂമിയിൽ വന്നത് അതിൽ നമ്പൂതിരിയുടെ വര അസാധ്യമായിരുന്നു എന്നു പറയാം. മുസ്‍ലിം തറവാടിൻ്റെ എല്ലാ രംഗങ്ങളും അതി മനോഹരമായാണ് വരച്ചത്.
‘മാതൃഭൂമി’ വിട്ട ശേഷം ‘കലാകൗമുദി’യിൽ ചേർന്നു. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴത്തിലെ ചിത്രീകരണം നമ്പൂതിരിയുടേതായിരുന്നു. ഭീമസേനനും പാഞ്ചാലിയും ഒക്കെ എം.ടിയുടെ നോവലിൽ അതിഗംഭീരമായിരുന്നു.എല്ലാ രേഖാചിത്രങ്ങളും പ്രത്യേക ആംഗിളിലായിരുന്നു നമ്പൂതിരി വരച്ചത്. വരകൾ തന്നെയാണ് അതുല്യ കലാകാരനാക്കി അദ്ദേഹത്തെ തിർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.