നമ്പൂതിരിച്ചിത്രങ്ങൾ...
text_fieldsചിത്രകാരന്മാരുടെ ആയുധമായ നിറങ്ങൾ വാരിവിതറുന്നതിനോട് ആർട്ടിസ്റ്റ് നമ്പൂതിരിക്ക് താൽപര്യമുണ്ടായിരുന്നില്ല. കോറിവരച്ചത് പോലെയുള്ള രണ്ടോ മൂന്നോ വരകൾ കൊണ്ട് ജീവൻ പകരുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം. കുട്ടിക്കാലത്ത് എടപ്പാൾ ശുകപുരം ക്ഷേത്രത്തിൽ തൊഴാനെത്തിയിരുന്ന നമ്പൂതിരി ചിലതുകൂടി ശ്രദ്ധിച്ചിരുന്നു, ക്ഷേത്ര ചുമരുകളിൽനിറഞ്ഞ ദാരുശിൽപങ്ങൾ. മഹാഭാരതം പോലെ കാണാത്ത കാലത്തിലെ ഇതിഹാസ കഥാപാത്രങ്ങൾക്ക് രൂപം പകരാൻ ഇത് ഗുണം ചെയ്തെന്ന് നമ്പൂതിരി പറയാറുണ്ടായിരുന്നു.
കുട്ടിക്കാലം തൊട്ടേ മനസ്സിലെവിടെയോ ഒരു ചിത്രകാരന്‍ ഒളിച്ചിരുന്നതായി അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ചുമരുകളിലും തറകളിലും കരിക്കട്ടകൊണ്ട് കോറിയിട്ടുനടന്ന ബാല്യകാലത്ത് ചെന്നൈയിലെത്തി കെ.സി.എസ്. പണിക്കരെപ്പോലെ ഒരതികായന്റെ കീഴില്‍ ചിത്രം വര പഠിക്കാന്‍ അവസരം ലഭിച്ചത് കലാകൈരളിക്ക് സമ്മാനിച്ചത് അസാധ്യ ചിത്രകാരനെ. മണലൊരുക്കിയ കാൻവാസ് ഓർമയുള്ള കാലം മുതൽ ചിത്രക്കൂട്ട് ഉണ്ടായിരുന്നെന്ന് നമ്പൂതിരി പറഞ്ഞിട്ടുണ്ട്. പൊന്നാനിയിലെ തറവാടായ കരുവാട്ട്മനയുടെ മുറ്റം തന്നെയായിരുന്നു ആദ്യ കാൻവാസ്. മുറ്റത്തെ മണലിൽ ഈർക്കിൽ കൊണ്ടു വരക്കുമായിരുന്നു. എടപ്പാളിനടുത്ത് കുംഭാരന്മാർ കളിമൺപാത്രങ്ങളുണ്ടാക്കുന്ന ഒരു സ്ഥലമുണ്ടായിരുന്നു. അവിടെ നിന്നു കളിമണ്ണ് സൈക്കിളിൽവച്ചു പൊന്നാനിയിലെ ഇല്ലത്തേക്കു കൊണ്ടുവരും.
അക്കാലത്ത് ചിത്രം വരയ്ക്കുന്നതിനെക്കാളധികം കളിമണ്ണിൽ പ്രതിമകൾ ഉണ്ടാക്കിയിരുന്നു. ചെമ്പുതകിടിലും മരത്തിലും കരിങ്കല്ലിലുമെല്ലാം രൂപങ്ങൾ കൊത്തിയെടുക്കാൻ ഈ അനുഭവവും തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.