നവരത്നമാണ് ബന്ധങ്ങൾ
text_fieldsകോട്ടക്കൽ മുരളി, നാടക സംവിധായകൻ
( പി.കെ. വാര്യരുടെ 100 ാം പിറന്നാൾ ദിനത്തിൽ ആദരവുമായി 'മാധ്യമം' പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ നിന്ന്)
പി.കെ. വാര്യർ ഒരു നിത്യാത്ഭുതമാണ്. വിശ്വംഭര ക്ഷേത്രോത്സവത്തിനെത്തുന്ന കലാകാരന്മാരെ കാണാനും കേൾക്കാനും സദസ്സിെൻറ മുൻനിരയിലിരിക്കുന്ന അദ്ദേഹത്തെ ഞാൻ ചെറുപ്പത്തിൽതന്നെ ശ്രദ്ധിച്ചിട്ടുണ്ട്. താളം പിടിക്കലൊക്കെ കൃത്യമാണ്. ചില നേരങ്ങളിൽ ധ്യാന നിമഗ്നനായി കണ്ണടച്ചിരിക്കുന്നതും കാണാം. അവസാനം കലാകാരന്മാർക്ക് ഒരു മുണ്ട് നൽകും. അവരെ വന്ദിക്കും. അവർ തിരിച്ചും.
ആര്യവൈദ്യശാലക്കുവേണ്ടി രണ്ട് നാടകങ്ങൾ സംവിധാനം ചെയ്ത കാലങ്ങളിൽ അദ്ദേഹം നൽകിയ പിന്തുണയും ആത്മവിശ്വാസവും വലിയ ഗുണം ചെയ്തു. നാടകത്തിെൻറ തിരക്കഥ വായിച്ച് ആ രംഗങ്ങൾ ഓർമയിൽ നിന്നെടുത്ത് പറഞ്ഞുതന്നു. പഴയകാലത്ത് പി.എസ്. വാര്യർ നടത്തിയിരുന്ന റിഹേഴ്സലുകൾ വിവരിച്ചുതന്നു. രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹം ചെയ്തിരുന്ന സൂത്രങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ രസകരമായിരുന്നു. പി.എസ്.വി നാട്യസംഘത്തിെൻറ 75ാം വാർഷികത്തിന് നാട്യസംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച 'നല്ല തങ്കാൾ ചരിത്ര'മെന്ന നാടകം കാണാൻ ഒരുതികഞ്ഞ ആസ്വാദകനായി അരങ്ങിെൻറ മുന്നിൽ അദ്ദേഹം ഇരുന്നത് ഇന്നും ഓർക്കുന്നു.
സംവിധാനത്തിന് സമ്മാനമായി ഞാനാവശ്യപ്പെട്ടത് പി.കെ. വാര്യരുടെ കൈയിൽനിന്ന് മുണ്ട് വേണമെന്നായിരുന്നു. നാടകം തീർന്നപ്പോൾ അദ്ദേഹം വേദിയിൽ കയറിവന്നു. കലാകാരന്മാരെയൊക്കെ അഭിനന്ദിച്ചു. എനിക്കൊരു പൊന്നാട തന്നു. ആര്യവൈദ്യശാല കോഴിക്കോട് ബ്രാഞ്ചിെൻറ നൂറാം വാർഷികത്തിെൻറ ഭാഗമായും നാടകാവതരണമുണ്ടായി. പി.എസ്. വാര്യരുടെ 'സംഗീത ശാകുന്തള'മായിരുന്നു അവതരണത്തിനായി ഒരുക്കിയത്. കൈലാസ മന്ദിരാങ്കണത്തിൽ നടന്ന നാടകാവതരണവും അദ്ദേഹം മുൻ നിരയിൽത്തന്നെ ഇരുന്നു കണ്ടു. ചെറിയ പിശകുകൾ ചൂണ്ടിക്കാണിച്ചു.
ഇത്തവണ നാടകാവതരണത്തിന് ഞാൻ ഒന്നും തന്നെ ആവശ്യപ്പെട്ടില്ല. പക്ഷേ, അദ്ദേഹം എനിക്കായി കരുതിയത് ഒരു മോതിരമായിരുന്നു, നവരത്നങ്ങൾ പതിച്ച മോതിരം!. കോഴിക്കോട്ടെ നാടകാവതരണത്തിെൻറ അടുത്തദിവസം കൈലാസ മന്ദിരത്തിലെ അഗ്രശാലയിൽ സൂക്ഷിച്ച വേഷങ്ങൾ എടുക്കാനായി ചെന്ന എന്നെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു. -''ഞാനൊരു മോതിരം കൊടുത്തയച്ചിരുന്നു''
അദ്ദേഹത്തിന് കോഴിക്കോട്ട് വരാൻ പറ്റിയിരുന്നില്ല. ഡോ. പി.എം. വാര്യരാണ് എനിക്ക് വേദിയിൽവെച്ച് സമ്മാനം തന്നത്.
''കിട്ടി'' -ഞാൻ പറഞ്ഞു
''എവിടെ ? കാണട്ടെ ''
സാധാരണയായി ഞാൻ മോതിരം ധരിക്കാറില്ല. പക്ഷേ, അന്ന് വീട്ടിൽ നിന്നിറങ്ങുമ്പോൾ മോതിരം വിരലിലിട്ടിരുന്നു. ഞാനത് അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. ''ഇതവിടെ തന്നെ കിടക്കട്ടെ''
ഞാനാ പാദങ്ങൾ തൊട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.