ജാതി വിവേചനത്തിലെ മൗനം ദേവസ്വത്തിന് പതിവെന്ന് കലാകാരന്മാര്
text_fieldsഗുരുവായൂര്‍: ജാതിയുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട കലാകാരന്മാരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മൗനം പാലിക്കുന്നത് ദേവസ്വത്തിെൻറ പതിവ് നയമെന്ന് വാദ്യകലാകാരന്മാര്. 2014ല്‍ ഇലത്താള കലാകാരനെ ജാതിയുടെ പേരില്‍ തിരിച്ചയച്ച സംഭവത്തിന് തുടര്‍ച്ചയായി ആ വര്‍ഷത്തെ ഉത്സവത്തിലെ മേളത്തിലും തായമ്പകയിലും പങ്കെടുക്കാന്‍ കലാമണ്ഡലം രാജന്, ചൊവ്വല്ലൂര്‍ മോഹനന്, ഇരിങ്ങപ്പുറം ബാബു, ചൊവ്വല്ലൂര്‍ ഗംഗാധരന്, ചൊവ്വല്ലൂര്‍ സുനില്‍, കലാനിലയം കമല്‍നാഥ്, കെ. ശ്യാമളന്, ടി. കേശവദാസ്, കലാമണ്ഡലം രതീഷ്, കലാനിലയം സനീഷ്, കലാനിലയം അജീഷ് എന്നിവര്‍ ദേവസ്വത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇവരില്‍ ആര്‍ക്കും അവസരം നല്‍കിയില്ലെന്ന് മാത്രമല്ല, അപേക്ഷക്ക് മറുപടി പോലും കൊടുത്തില്ല.
ഇതേ തുടര്‍ന്ന് വാദ്യകല സംരക്ഷണ സംഘം സെക്രട്ടറി ഇരിങ്ങപ്പുറം ബാബു വിവരാവകാശം വഴി ദേവസ്വത്തോട് കാരണം ആരാഞ്ഞു. എന്നാല്‍, ആരെയെല്ലാം പങ്കെടുപ്പിക്കണമെന്നത് വാദ്യ സബ് കമ്മിറ്റിയുടെ തീരുമാനമാണെന്ന് പറഞ്ഞൊഴിയുകയാണ് ദേവസ്വം ചെയ്തത്. സബ് കമ്മിറ്റിയുടെ തീരുമാനത്തിെൻറ രേഖ ആവശ്യപ്പെട്ടപ്പോള്‍ തീരുമാനം രേഖപ്പെടുത്തുന്ന പതിവില്ലെന്നായിരുന്നു മറുപടി. എന്നാല്‍, വാദ്യത്തിനായി ആളുകളെ നിയമിക്കുമ്പോള്‍ ജാതി പരിഗണന ദേവസ്വം എംപ്ലോയീസ് റെഗുലേഷനില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ സമ്മതിച്ചു. ജാതി തിരിച്ചുള്ള വിലക്കിന് ആധികാരികമായ രേഖകളുണ്ടോ എന്ന ചോദ്യത്തിന് ഇത്തരം ആധികാരിക രേഖകളില്ലെന്ന മറുപടിയും ലഭിച്ചുവെന്ന് ബാബു പറഞ്ഞു. 2015ല്‍ വാദ്യകല സംരക്ഷണ സംഘം പ്രസിഡൻറ് പൂങ്ങാട് മാധവന് നമ്പൂതിരിയും സെക്രട്ടറി ഇരിങ്ങപ്പുറം ബാബുവും വീണ്ടും അപേക്ഷ നല്‍കിയെങ്കിലും ദേവസ്വം മൗനം തുടര്‍ന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നായര്‍ സമുദായത്തിലും പിന്നാക്ക സമുദായങ്ങളിലും ഉള്ളവര്‍ അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല. എല്ലാം തീരുമാനിക്കുന്നത് വാദ്യ സബ് കമ്മിറ്റിയാണെന്ന് പറഞ്ഞ് ദേവസ്വം കൈകഴുകുകയായിരുന്നു. ഭൂമാനന്ദ തീര്‍ഥയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് പട്ടികജാതിക്കാര്‍ക്ക് ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് അനുമതി ലഭിച്ചതിെൻറ രജത ജൂബിലിയുടെ ഭാഗമായി ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് അനുമതി നല്‍കണമെന്ന് വ്യാസ ക്ഷേത്ര കലാസമിതി നല്കിയ അപേക്ഷയിലും തീരുമാനം ഉണ്ടായില്ല.
വിവേചനമില്ലെന്ന് ദേവസ്വം ചെയര്മാന്
ഗുരുവായൂര്‍: ക്ഷേത്രത്തിലെ വാദ്യരംഗത്ത് ജാതി വിവേചനമില്ലെന്ന് ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസ്. ജാതിയുടെ പേരില്‍ തനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വാദ്യകലാകാരന് പി.സി. വിഷ്ണുവിെൻറ പരാതിയെക്കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ചെയര്മാന്. വാദ്യരംഗത്തെ ജാതി വിവേചനം സംബന്ധിച്ച് ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ ചടങ്ങുകളുടെ ഭാഗമായ വാദ്യക്കാരുടെയും വാദ്യ വിദ്യാലയത്തിലെ അധ്യാപകരുടെയും ഒഴിവുകളിലേക്ക് ഇപ്പോള്‍ നിയമനം നടത്തുന്നത് ദേവസ്വം റിക്രൂട്ട്മെൻറ് ബോര്‍ഡ് വഴിയാണ്. ഇതിലേക്കുള്ള ഇൻറര്‍വ്യൂ നടന്നുകഴിഞ്ഞു. ഈ നിയമനങ്ങളില്‍ ജാതി മാനദണ്ഡമാക്കിയിരുന്നില്ല. വിശേഷാവസരങ്ങളില്‍ വാദ്യകലാകാരന്മാരെ ക്ഷണിക്കുന്നത് ഇതിന് വേണ്ടി രൂപവത്കരിക്കുന്ന സബ് കമ്മിറ്റിയാണ്. ഇതില്‍ ഇടപെടാറില്ലെന്നും ചെയര്മാന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.