അപരവിദ്വേഷത്തിനെതിരെ കലോത്സവങ്ങൾ പ്രതിരോധം തീർക്കും -മന്ത്രി ബിന്ദു
text_fieldsമുന്നാട്: സർവകലാശാല വിദ്യാർഥികൾക്ക് സംസ്ഥാനതലത്തിൽ കലോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഏകീകൃത കലോത്സവം മുമ്പ് നടന്നിരുന്നെങ്കിലും തുടർച്ചയുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുന്നാട് പീപിൾസ് കോളജിൽ കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവം സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അപരവിദ്വേഷം പ്രചരിപ്പിക്കുന്ന കാലത്ത് അതിനെതിരെ, കലോത്സവങ്ങൾ പ്രതിരോധം തീർക്കുകയാണ്. മണിപ്പൂരിൽ അതിക്രമം നേരിട്ട കുട്ടികൾക്ക് കണ്ണൂർ സർവകലാശാല വാതിൽ തുറന്നു. ഈ കലോത്സവത്തിൽ അവിടെ നിന്നെത്തിയ കുട്ടികൾ മത്സരത്തിൽ വിജയം നേടി. ഗാന്ധിയെ ഇല്ലാതാക്കിയ മനുഷ്യനെ മഹത്ത്വവത്കരിക്കുന്ന അധ്യാപികമാർപോലും ഉണ്ടാകുന്ന കാലത്ത് ഇതിനൊക്കെ എതിരെ സംവദിക്കാനുള്ള വേദി കലോത്സവം നൽകുന്നതായും മന്ത്രി പറഞ്ഞു.
യൂനിയൻ ചെയർപേഴ്സൻ ടി.പി. അഖില അധ്യക്ഷത വഹിച്ചു. നടി ഗായത്രി വർഷ, സംവിധായകൻ ആമിർ പള്ളിക്കാൽ എന്നിവർ മുഖ്യാതിഥികളായി. സംഘാടകസമിതി ജന. കൺവീനർ ബിപിൻരാജ് പായം സ്വാഗതവും വിഷ്ണു ചേരിപ്പാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.