കുടകർ തോക്കുമായി വന്ന് തട്ടിക്കൊണ്ട് പോകുമോ എന്ന് ഭയന്ന് ആദിവാസി യുവാവ്; സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി
text_fieldsകോഴിക്കോട്: വയനാട്ടിലെ ആദിവാസികളെ ഇപ്പോഴും അടിമക്കച്ചവടം ചെയ്യുന്നുവെന്ന് പനവല്ലി കാളിന്ദി ഊരിലെ അരുൺ. കുടകർ തോക്കുമായി വന്ന് തട്ടിക്കൊണ്ട് പോകുമോ എന്ന ഭയത്തിലാണ് ഈ ആദിവാസി യുവാവ്. അതിനാൽ, സംരക്ഷണം ആവശ്യപ്പെട്ട് അരുൺ തിരുനെല്ലി പൊലീസിൽ പരാതി നൽകി. ആദിവാസി മേഖലയിലെ സാമൂഹിക പ്രവർത്തക ഗൗരിയുമായി അരുൺ നടത്തിയ സംഭാഷണമാണ് വീഡിയോ ആയി പുറത്ത് വന്നത്.
വള്ളിയൂർക്കാവിലെ അടിമക്കച്ചവടത്തെക്കുറിച്ച് അനുസ്മരിപ്പിക്കും വിധമാണ് പുതിയ സംഭവങ്ങൾ. കുടകിലെ ശ്രീമംഗല എന്ന സ്ഥലത്ത് ചോമണി എന്ന എസ്റ്റേറ്റ് ഉടമയുടെ കീഴിലെ അടിമയാണ് താനെന്ന് അരുൺ പറയുന്നു. കുടകിൽ മൂന്ന് വർഷത്തിലേറെയായി തൊഴിലെടുത്തിട്ട് 1200 രൂപ മാത്രമാണ് കൂലിയായി ലഭിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഭക്ഷണ സാധനങ്ങൾ മാത്രമാണ് ഉടമ വാങ്ങി നൽകാറുള്ളത്.
ദേഹം മറക്കാൻ ആവശ്യത്തിന് വസ്ത്രമില്ല. പണിക്കുള്ളത് ഒഴികെ ആകെയുള്ളത് ഒരു ജോഡിവസ്ത്രമാണ്. തനിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഉടമയായ ചോമണിയുടെ ഭാര്യ അരുണിനെ വടികൊണ്ട് മർദിക്കും. ഇത് സഹിക്കാൻ കഴിയാതെയാണ് കഴിഞ്ഞ തവണ ഒരുസുഹൃത്തിനൊപ്പം കേരളത്തിലേക്ക് രക്ഷപ്പെട്ടതെന്ന് അരുൺ പറയുന്നു.
പനവല്ലി കാളിന്ദി ഊരിലെ സഹോദരിയുടെ വീട്ടിൽ അന്ന് അവർ വന്ന് സുഹൃത്തിനെയും അവരുടെ കുട്ടിയെയും തട്ടിക്കൊണ്ട് പോയി. അതിനാൽ, സ്വയം തിരികെ പോയി. തിരികെ പോയ ശേഷം ചോമണിയും സംഘവും അരുണിനെ ബിർണാണി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസിനെക്കൊണ്ട് മർദിച്ചിരുന്നു. അരുണിനെ തട്ടിക്കൊണ്ടുപോയ വിവരം കാട്ടി സഹോദരി ഗൗരി അന്ന് തിരുനെല്ലി പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് അരുണിനെ കണ്ടെത്തി കാട്ടിക്കുളം എയ്ഡ് പോസ്റ്റിൽ എത്തിച്ചു. കഴിഞ്ഞ ആഴ്ചയും അരുണിന് ചോമണിയുടെ ഭാര്യയുടെ പക്കൽ നിന്നും വടികൊണ്ട് മർദനമേറ്റു. കുടകരുടെ അടി സഹിക്കാൻ ഇനി കഴിയില്ല. തിരിച്ചു പോകാൻ അരുണിന് താത്പര്യമില്ല. എന്നാൽ, കുടകർ തോക്കുമായി വന്ന് തട്ടിക്കൊണ്ട് പോകുമോ എന്ന ഭയത്തിലാണ് അരുൺ. അവരത് പറഞ്ഞിട്ടുമുണ്ട്. അവർ കൊല്ലാനും മടിയില്ലാത്തവരാണ്.
സഹോദരിയുടെ വീട്ടിൽ സ്വസ്ഥതയോടും സ്വാതന്ത്ര്യത്തോടും ജീവിക്കാൻ സാഹചര്യമൊരുക്കണമെന്നാണ് അരുണിന്റെ ആവശ്യം. പൊലീസിന് നൽകിയ പരാതിയിൽ ജീവന് സംരക്ഷണം ഒരുക്കണമെന്നും നാളിതുവരെയുള്ള പണിക്കൂലി കിട്ടാൻ നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.