അരുൺ മത്തായിക്ക് കൈത്താങ്ങാകണം; കരുണയുള്ളവരുടെ കാരുണ്യം വേണം
text_fieldsകൊച്ചി: രോഗമേൽപിച്ച പ്രയാസങ്ങളിൽനിന്ന് അരുൺ മത്തായി എന്ന ഈ ചെറുപ്പക്കാരന് പുറത്തുവരണം. പഴയതുപോലെ ജോലി ചെയ്ത് കുടുംബത്തിന് കൈത്താങ്ങാകണം. കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് താങ്ങും തണലുമായി ജീവിതത്തിൽ മുന്നോട്ടുപോകണം. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സ പൂർത്തീകരിക്കാൻ കരുണയുള്ളവരുടെ കൈത്താങ്ങ് തേടുകയാണ് പിറവം നാമക്കുഴി കാരമലയിൽ മത്തായിയുടെയും ജെസി മത്തായിയുടെയും മകനായ 27കാരൻ അരുൺ.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരവെയാണ് വൃക്ക സംബന്ധമായ അസുഖത്താൽ ചികിത്സയിലായത്. ജന്മനാ ഒരു വൃക്ക മാത്രമുണ്ടായിരുന്ന അരുണിന് ഗുരുതര രോഗബാധയിൽ അതുകൂടി പ്രവർത്തനരഹിതമാകുകയായിരുന്നു. പരിശോധനയിൽ വൃക്കമാറ്റിവെക്കൽ മാത്രമാണ് ഏക പരിഹാരമാർഗമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഡയാലിസിസും ചികിത്സയുമായി കഴിച്ചുകൂട്ടുകയാണ് അരുൺ. ഉടൻ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായുള്ള ആദ്യഘട്ട ശസ്ത്രക്രിയ ബുധനാഴ്ച എറണാകുളം അമൃത ആശുപത്രിയിൽ നടന്നു. ഇതുവരെയുള്ള മരുന്നുകൾക്കും ചികിത്സക്കുമായി ഭീമമായ തുക ചെലവായി കഴിഞ്ഞു. പിതാവ് വൃക്കദാനം ചെയ്യാൻ സന്നദ്ധനാണ്. ഇത് അനുയോജ്യമാണോയെന്നറിയാനുള്ള പരിശോധനകൾ ഉടൻ നടത്തണം. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി 10 ലക്ഷത്തോളം രൂപ ചെലവ് വരും. സാധാരണക്കാരായ മാതാപിതാക്കൾക്കും സഹോദരനും ഉൾക്കൊള്ളാനാകുന്നതിലും ഒരുപാട് വലുതാണ് തുക.
പിറവത്തെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് രൂപവത്കരിച്ച ചികിത്സ സഹായനിധിയിലൂടെ കുറച്ച് പണം സ്വരൂപിക്കാനായെങ്കിലും തുക എവിടെയുമെത്തിയിട്ടില്ല. മകന്റെ ചികിത്സ ആവശ്യങ്ങളുമായി ആശുപത്രിയിൽ കയറിയിറങ്ങേണ്ടി വരുന്ന മാതാപിതാക്കൾക്ക് ഇനി ആശ്രയം കരുണയുള്ളവരുടെ കൈത്താങ്ങ് മാത്രമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിറവം ബ്രാഞ്ചിൽ അരുൺ മത്തായി, മാതാവ് ജെസി മത്തായി എന്നിവരുടെ പേരിലുള്ള ജോയന്റ് അക്കൗണ്ടിലേക്കോ ഗൂഗ്ൾപേ മുഖാന്തരമോ സുമനസ്സുകൾക്ക് അരുണിനെ സഹായിക്കാം. അക്കൗണ്ട് നമ്പർ-40714379635. ഐ.എഫ്.എസ്.സി- SBIN0070160. ഗൂഗ്ൾപേ: 7592862357
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.