ഒടുവിൽ അലി അക്ബറും മരിച്ചു; മൂന്ന് ജീവനെടുത്തതിന് പിന്നിൽ ഓൺലൈൻ ചൂതാട്ടവും കുടുംബപ്രശ്നവും
text_fieldsതിരുവനന്തപുരം: അരുവിക്കരയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരൻ അലി അക്ബർ (56) ആറുദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വ്യാഴാഴ്ചയാണ് അഴീക്കോട് വളവെട്ടി പുലിക്കുഴി ആര്‍ഷാസില്‍ ഷഹീറ (65), മകള്‍ നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മുംതാസ് (47) എന്നിവരെ വെട്ടിയും പെട്രോളൊഴിച്ചു കത്തിച്ചും അലി അക്ബർ കൊലപ്പെടുത്തിയത്. 65 ശതമാനം തീ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9.20നാണ് അലി അക്ബർ മരിച്ചത്.
ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് കടബാധ്യത കുമിഞ്ഞുകൂടിയതും ദമ്പതികൾ തമ്മിൽ 10 വർഷമായി കുടുംബകോടതിയിൽ നിലനിൽക്കുന്ന കേസുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരു വീട്ടില്‍ തന്നെ ഇരുനിലകളിലായി വെവ്വേറെയായിരുന്നു അലിയും ഭാര്യയും താമസിച്ചിരുന്നത്. കടംവീട്ടാൻ വീട് വിറ്റ് പണം നല്‍കണമെന്ന് അലി അക്ബര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, ഭാര്യയും ഭാര്യാമാതാവും അതിനു സമ്മതിക്കാത്തതിനാല്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭാര്യ മുംതാസുമായി കുടുംബകോടതിയില്‍ നിലനില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട ഗാര്‍ഹികാതിക്രമ കേസുകളിലെ ഉത്തരവുകൾ ആത്മഹത്യ കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നു.
ഇതിനുപുറമെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും ലോണെടുക്കാൻ സാലറി സര്‍ട്ടിഫിക്കറ്റ് അലി അക്ബര്‍ ഈട് നല്‍കിയിരുന്നു. പലരും തിരിച്ചടവില്‍ മുടക്കം വരുത്തിയതോടെ അലി അക്ബറിന്റെ ശമ്പളം പിടിക്കാന്‍ തുടങ്ങി. വീടുനിര്‍മ്മിച്ച വകയിലും കാര്‍ ലോണ്‍ ഇനത്തിലും വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. കടം ഭാര്യ മുംതാസ് ഏറ്റെടുക്കേണ്ടിവന്ന ഘട്ടത്തില്‍ പുലിക്കുഴിയില്‍ വാങ്ങിയ വസ്തുവും വീടും മുംതാസിന്റെ പേരിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും കടം പെരുകിയതോടെ വസ്തുവും വീടും വില്‍ക്കണമെന്ന് അലി ആവശ്യപ്പെട്ടു. എന്നാൽ, മുംതാസും ഭാര്യാമാതാവ് ഷഹീറയും എതിരായി. പലരില്‍ നിന്നായി കടംവാങ്ങിയ തുക യഥാസമയം തിരികെ നല്‍കാന്‍ കഴിയാത്തതും ഇയാളെ സമ്മര്‍ദ്ദത്തിലാക്കി. ഇതോടെയാണ് കൂട്ടക്കൊലയിലേക്ക് തിരിഞ്ഞത്.
കൊലപാതകത്തിന് ദിവസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയിരുന്നതായാണ് പൊലീസ് വിലയിരുത്തൽ. ദീര്‍ഘമായ ആത്മഹത്യാ കുറിപ്പ് തയാറാക്കിയതും പെട്രോള്‍, വെട്ടുകത്തി, സ്‌ക്രൂ ഡ്രൈവര്‍, ചുറ്റിക എന്നിവ തയ്യാറാക്കിയതുമെല്ലാം ഇതിന്റെ സൂചനകളാണ്. വെള്ള പേപ്പറിൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ 'ഇന്ന് ഇവിടെ രണ്ട് കൊലപാതകങ്ങളും ഒരു ആത്മഹത്യയും നടക്കും. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഞാന്‍ നടത്തുന്ന കൃത്യങ്ങള്‍ക്ക് മറ്റാര്‍ക്കും ബന്ധമില്ല. കടബാദ്ധ്യതകളും ദാമ്പത്യപ്രശ്‌നവുമാണ് ഇതിന് കാരണം'' എന്ന് കുറിച്ചിരുന്നു.
ജോലി ലഭിച്ചതും മുംതാസുമായുള്ള വിവാഹവും കുട്ടികളുടെ പഠനവുമുള്‍പ്പെടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം അലി അക്ബര്‍ കത്തില്‍ വിവരിച്ചിട്ടുണ്ട്. കണക്കുകൂട്ടലുകളിലുണ്ടായ പിഴവ് ജീവിതം തകര്‍ത്തതിന് സ്വയം ശപിക്കുന്നതും നാട്ടുകാരോടും മക്കളോടും ക്ഷമ ചോദിക്കുന്നതും കത്തിലുണ്ട്. എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ മകന് ജോലി ലഭിക്കുമെന്നും മകളെ നന്നായി പഠിപ്പിക്കണമെന്നും ഇരുവരും നല്ലനിലയില്‍ ജീവിക്കണമെന്നും ഉപദേശിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്.
ക്രൂരകൃത്യം നോമ്പെടുക്കാൻ അത്താഴം പാകം ചെയ്യുന്നതിനിടെ
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നോമ്പെടുക്കാൻ അത്താഴം പാകം ചെയ്യുന്നതിന് ഷഹീറയും മുംതാസും അടുക്കളയില്‍ നില്‍ക്കുമ്പോഴായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും വെട്ടുകയും തീകൊളുത്തുകയും ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുടെ കൺമുന്നിൽവെച്ചായിരുന്നു ഈ കടുംകൈ. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോള്‍ കസേരയില്‍ ഇരിക്കുകയായിരുന്ന അലി അക്ബര്‍ ഓടി അകത്തെ മുറിയിലേക്കു പോയി പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.
ഷഹീറ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മുംതാസിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകീട്ടോടെ മരണത്തിനു കീഴടങ്ങി. വാളിക്കോട് ജമാഅത്ത് ഖബർസ്ഥാനിൽ അടുത്തടുത്തായാണ് ഇരുവർക്കും ഖബറൊരുക്കിയത്. മാതാവ് ഷഹീറയുടെ മൃതദേഹം വ്യാഴാഴ്ചയും മുംതാസിന്റെ മൃതദേഹം വെള്ളിയാഴ്ചയും ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.