ആറ്റുകാൽ പൊങ്കാല: 95 ലോഡ് ചുടുകല്ലുകൾ ശേഖരിച്ചതായി ആര്യ രാജേന്ദ്രൻ, ഭവന നിർമ്മാണത്തിന് കല്ലുകൾ സൗജന്യമായി വിതരണം ചെയ്യും
text_fieldsതിരുവനപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തിരുവനന്തപുരം കോർപ്പറേഷൻ സ്വീകരിച്ചുവരുകയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകളാണ് ഇതുവരെ നഗരസഭ ശേഖരിച്ചത്. ഇന്നും നാളെയുമായി ബാക്കിയുള്ളവയും ശേഖരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവന നിർമ്മാണത്തിനാണ് കല്ലുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്.
വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ കൂടുതൽ അർഹരായവർക്ക് കട്ടകൾ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും, കട്ടകൾ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കൾ അപേക്ഷകൾ മേയറുടെ ഓഫീസിൽ നൽകുന്നതിന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർ, ആശ്രയ ഗുണഭോക്താക്കൾ, വിധവ/വികലാംഗർ, മാരകരോഗം ബാധിച്ചവർ, കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്കാണ് മുൻഗണന നൽകുന്നത്. കട്ടകൾ ആവശ്യമുള്ളവർ 13.03.2023 തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് മുമ്പായി അപേക്ഷകൾ നഗരസഭ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.നിലവിൽ 25 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് ചില സാമൂഹ്യവിരുദ്ധ മനസ്സുള്ളവർ വ്യാജപ്രചരണം നടത്തിവരുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എല്ലാ വ്യാജപ്രചാരണങ്ങളെയും മനുഷ്യത്വവിരുദ്ധ ആഹ്വാനങ്ങളെയും നല്ലവരായ മഹാഭൂരിപക്ഷം ഭക്തജനസമൂഹം തള്ളിക്കളഞ്ഞത് പൊങ്കാല ദിവസം കണ്ടതാണ്. നഗരസഭ ശേഖരിച്ച ചുടുകല്ലുകൾ സൂക്ഷിച്ചിരിക്കുന്ന പുത്തരിക്കണ്ടം മൈതാനം ഇന്ന് ഡെപ്യൂട്ടി മേയർ ശ്രീ.പി.കെ.രാജു,കൗൺസിലർ ശ്രീ.അംശു വാമദേവൻ എന്നിവരോടൊപ്പം സന്ദർശിച്ചു. പാവപ്പെട്ട മനുഷ്യർക്ക് വേണ്ടി നടത്തിയ ഈ പ്രവർത്തിയോട് സഹകരിച്ച എല്ലാ നല്ലവരായ മനുഷ്യർക്കും നന്ദിയും കടപ്പാടും രേഖപെടുത്തുന്നതായി ആര്യ രാജേന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.