ലിംഗസമത്വം ഉറപ്പാക്കി പുതിയ ബസ് സ്റ്റോപ്പ് നിർമ്മിക്കും; സി.ഇ.ടിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അഭിനന്ദിച്ച് ആര്യ രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാതിരിക്കാൻ ഇരിപ്പിടങ്ങൾ മുറിച്ചുമാറ്റിയ സി.ഇ.ടി കോളജിന് സമീപത്തെ ബസ് സ്റ്റോപ്പ് മേയർ ആര്യ രാജേന്ദ്രൻ സന്ദർശിച്ചു. സ്ഥലത്ത് പുതിയ ബസ് സ്റ്റോപ്പ് നിർമ്മിക്കുമെന്നും അവർ പറഞ്ഞു.. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സി ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കും. അത് ജൻഡർ ന്യുട്രൽ ആയിരിക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ചതിന് ശേഷം മേയർ ആര്യ രാജേന്ദ്രൻ പ്രതികരിച്ചു.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കൊന്നുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെയാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയാണെന്ന് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
സദാചാരവാദികൾക്കെതിരെ എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ വേറിട്ട പ്രതിഷേധം സി.ഇ.ടി കോളജിലാണ് അരങ്ങേറിയത്. ആൺകുട്ടികളും പെൺകുട്ടികളും അടുത്തടുത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ചതിനെതിരെയാണ് വിദ്യാർഥികൾ രംഗത്തുവന്നത്. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടുപേർ ഒരുമിച്ചിരുന്നായിരുന്നു ഇതിന് വിദ്യാർഥികളുടെ മറുപടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
തിരുവനന്തപുരം കോളേജ് ഓഫ് എൻജിൻറിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കൊന്നുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെയാണെന്ന് കരുതേണ്ടി വരും.
ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാർക്ക് എന്റെ വ്യക്തിപരമായ അഭിവാദ്യങ്ങൾ.
അല്പം മുൻപ് അവിടെ സന്ദർശിച്ചു. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ NOC ഇല്ലാത്തതുമാണ്.
അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കും. അത് ജൻഡർ ന്യുട്രൽ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.