മേയർ ആര്യ രാജേന്ദ്രന്‍റെ വാഹനത്തിന് സൈഡ് നൽകാത്തതിൽ തർക്കം; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസ് നടപടി.
ശനിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവമുണ്ടാകുന്നത്. പട്ടം മുതൽ ബസും കാറും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ബസ് നിർത്തിയിട്ട സമയത്ത് മേയറുടെ വാഹനം കുറുകെ നിർത്തുകയും എന്താണ് സൈഡ് തരാത്തതെന്ന് ചോദിക്കുകയും ചെയ്തു. മേയറിനൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽ.എയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവറും മേയറും തമ്മിൽ തർക്കമുണ്ടാകുന്നത്.
തന്നോട് മോശമായി പെരുമാറിയെന്നാണ് ആര്യ രാജേന്ദ്രന്‍റെ പരാതിയുള്ളത്. ഇന്നലെ രാത്രി തന്നെ പൊലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് കന്‍റോൺമെന്‍റ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഡ്രൈവറിന് ജാമ്യം ലഭിച്ചത്.
എന്നാൽ, ഡ്രൈവറിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിട്ടില്ല. തന്നോട് മോശമായി പെരുമാറിയെന്നും കെ.എസ്.ആർ.ടി.സി ബസിന്‍റെ ട്രിപ്പ് മുടക്കുകയും വാഹനം ബസിന് കുറുകെ നിർത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഡ്രൈവർ പരാതി നൽകിയത്.
അതേസമയം, ഡ്രൈവറും മേയറും തമ്മിലുള്ള തർക്കത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏത് സർക്കാരാണെങ്കിലും കുഴപ്പമില്ലെന്നും ശമ്പളം തന്നിട്ട് വർത്തമാനം പറയാനെന്നും ഡ്രൈവർ മേയറോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.