കത്ത് വ്യാജം തന്നെയെന്ന മൊഴിയിലുറച്ച് ആര്യാ രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: ശിപാര്‍ശക്കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലാണ് മൊഴിയെടുത്തത്. മേയറുടെ ഓഫിസ് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. തന്‍റെ ലെറ്റർഹെഡ് ദുരുപയോഗം ചെയ്തെന്നും കത്തെഴുതാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക പരിശോധന നടത്തിയപ്പോൾ മൊഴി നൽകിയിരുന്നു. ഇതേ മൊഴിയാണ് ആവർത്തിച്ചത്.
നേരത്തേതന്നെ തനിക്കെതിരെ രാഷ്ട്രീയനീക്കങ്ങളുണ്ടായിരുന്നെന്നും അതിന്‍റെ ഭാഗമായാണ് ഈ കത്തെന്ന സംശയവും മേയർ പ്രകടിപ്പിച്ചു. ഡൽഹിയിൽ പോയ സമയത്താണ് കത്ത് പുറത്തുവന്നത്. ഇത്തരത്തിൽ കത്തയക്കുന്ന കീഴ്വഴക്കങ്ങളില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരമൊരു കത്ത് തയാറാക്കിയിട്ടില്ലെന്ന മൊഴിയാണ് ഓഫിസിലുള്ളവരും നൽകിയത്.
പ്രാഥമിക പരിശോധന സമയത്ത് ശിപാർശക്കത്ത് വ്യാജമെന്ന ആര്യാ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശിപാർശ ചെയ്തത്. അതിന്‍റെ അടിസ്ഥാനത്തിലാണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിൽ ശാസ്ത്രീയ തെളിവുകളും ശേഖരിക്കും. കത്തിന്റെ ഒറിജിനൽ ഇതുവരെയും കണ്ടെത്താൻ കഴിയാത്തതിനാലാണ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത്.
സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത് കോർപറേഷനിൽ തന്നെ തയാറാക്കിയിരിക്കാമെന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്. ആരു തയാറാക്കി വാട്സ്ആപിലേക്ക് അയച്ചെന്ന കണ്ടെത്താനായാണ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നത്. അന്വേഷണം വൈകിയതിനാൽ പല പ്രധാന തെളിവുകളും ഇതിനകം നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.
കത്തിന്റെ ഉറവിടം കണ്ടെത്തിയാലേ വ്യാജമാണോയെന്ന് ഉറപ്പിക്കാനാകൂ. നിലവില്‍ ലഭിച്ച പകര്‍പ്പിന്റെ ഒരുവശത്ത് പേപ്പറുകള്‍ കൂട്ടിക്കെട്ടാനായി പേപ്പര്‍പഞ്ചര്‍ ഉപയോഗിച്ച് ദ്വാരമിട്ട അടയാളമുണ്ട്. അത് മേയറുടെ ഏതെങ്കിലും പഴയ ലെറ്റര്‍പാഡിന്റെ പകര്‍പ്പെടുത്തതാണോയെന്ന സംശയവുമുണ്ട്. പഴയ ലെറ്റര്‍പാഡിന്റെ പകര്‍പ്പെടുത്ത് പുതിയവിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യതയായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നത്. വരും ദിവസങ്ങളിൽ സി.പി.എം. ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി വീണ്ടുമെടുക്കും. കോടതി അനുമതിയോടെ ഹാര്‍ഡ് ഡിസ്‌കുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കാനാണ് നീക്കം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.