ഏത് അന്വേഷണവുമായും സഹകരിക്കും, കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം മേയറായി തുടരും -ആര്യ രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: കത്ത് വിവാദത്തിൽ ഹൈകോടതി പറയുന്ന ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും മേയറുടെ ഭാഗം കേൾക്കണമെന്ന കോടതിയുടെ പരാമർശത്തിൽ ഏറെ സന്തോഷമുണ്ടെന്നും മേയർ ആര്യ രാജേന്ദ്രൻ. ജനപ്രതിനിധി എന്ന നിലയിൽ തന്‍റെ ചിന്തയിൽപോലുമില്ലാത്ത കാര്യങ്ങളിൽ ക്രൂശിക്കപ്പെടുകയും ജനങ്ങളുടെ മുന്നിൽ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോൾ കോടതി നിലപാടിൽ നന്ദിയുണ്ട്. കേസിൽ എന്തുകൊണ്ട് എഫ്.ഐ.ആർ എടുക്കുന്നില്ലെന്നത് കോടതി പരിശോധിക്കേണ്ടതാണ്. കോടതി നോട്ടിസ് ലഭിച്ചിട്ടില്ലെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. പറയാനുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ച് കേട്ടു. ജീവനക്കാരുടെ പ്രവർത്തനങ്ങളും മറ്റു പൊതുകാര്യങ്ങളും മൊഴിയുടെ ഭാഗമായി സൂചിപ്പിച്ചിട്ടുണ്ട്. മറ്റു നടപടിക്രമങ്ങൾ സ്വാഭാവികമായും മുന്നോട്ടുപോകും. രാജി ആവശ്യം ബാലിശമാണ്.
'കട്ട പണവുമായി മേയറു കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ' എന്ന ജെബി മേത്തറുടെ പരാമർശത്തിൽ നിയമനടപടി ആലോചിക്കുകയാണ്. പരാമർശം കുടുംബത്തിലുള്ളവരെ കൂടി ചേർത്തുള്ളതാണ്. നഗരസഭയുടെ പണം ഏതെങ്കിലും തരത്തിൽ താനോ ഭരണസമിതിയോ അടിച്ചുമാറ്റിയെന്നു പറഞ്ഞാൽ നിയമപരമായി തന്നെ നേരിടും.
ആര്യ രാജേന്ദ്രന് ബുദ്ധി കുറവാണെന്ന കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍റെ പരാമർശത്തിനും മേയർ മറുപടി നൽകി. സുധാകരനോളം ക്രൂരമായ ബുദ്ധിയുള്ള ആളല്ല താൻ. പല കേസുകളിലും ആക്രമണത്തിനും സുധാകരന്‍റെ ബുദ്ധിയും ഗൂഢാലോചനയുമൊക്കെ മാധ്യമങ്ങളിലൂടെ ചെറുപ്പം മുതൽ കണ്ടുവളർന്ന ആളാണ് താൻ. സാധാരണ മനുഷ്യനുണ്ടാകുന്ന ബുദ്ധി തനിക്കുമുണ്ടെന്നും മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.