ആ 'യുദ്ധം' ജയിച്ചു; സൈറക്കൊപ്പം ആര്യ വീടണഞ്ഞു
text_fieldsതൊടുപുഴ: യുക്രെയ്ൻ യുദ്ധഭൂമിയിലെ ദുരിതവും വെല്ലുവിളികളും അതിജീവിച്ച് ആര്യ ദേവികുളത്തെ വീട്ടിലെത്തുമ്പോൾ ഒപ്പം പ്രിയപ്പെട്ട വളർത്തുനായ് സൈറയുമുണ്ടായിരുന്നു. വീടിന്‍റെ സുരക്ഷിതത്വത്തിലേക്ക് വന്നണയുമ്പോൾ സൈറയെയും ഒപ്പം കൂട്ടാൻ കഴിഞ്ഞതിന്‍റെ സന്തോഷം ആര്യക്ക് പറഞ്ഞറിയിക്കാനാവാത്തതാണ്. ജീവൻ അപകടത്തിലാണെന്നറിഞ്ഞപ്പോൾപോലും പ്രിയപ്പെട്ട നായെ ഉപേക്ഷിച്ചുപോരാൻ ആര്യക്ക് മനസ്സുണ്ടായിരുന്നില്ല.
ശനിയാഴ്ച പുലർച്ച രണ്ടിനാണ് സൈറയുമായി ആര്യ ദേവികുളത്തെ വീട്ടിലെത്തിയത്. ഫെബ്രുവരി 27ന് സൈറയുമായി യുദ്ധഭൂമിയിൽനിന്ന് റുമേനിയയിലേക്ക് തിരിച്ചു. അവശനിലയിലായ നായെ 12 കി.മീ. എടുത്തു നടന്നാണ് അതിർത്തി കടന്നത്. റുമേനിയയിൽനിന്ന് പ്രത്യേക വിമാനത്തിൽ വ്യാഴാഴ്ച ഡൽഹിയിലെത്തി.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ എയർ ഏഷ്യ വിമാനത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ സൗകര്യം ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ് സൈറക്ക് വേണ്ടി ആര്യ യാത്ര മാറ്റി. അന്ന് കേരള ഹൗസിൽ തങ്ങിയ ശേഷം വെള്ളിയാഴ്ച ഉച്ചക്ക് എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തി. സ്വീകരിക്കാൻ മാതാപിതാക്കളായ ആൾട്രിനും കൊച്ചുറാണിയും എത്തിയിരുന്നു.
സൈബീരിയൻ ഹസ്കി ഇനത്തിൽപെട്ട സൈറക്ക് നാടൻ ഭക്ഷണവും വെള്ളവുമാണ് നൽകുന്നതെന്ന് ആര്യ പറഞ്ഞു. യുക്രെയ്നിലേക്ക് മടങ്ങേണ്ടിവന്നാൽ സൈറയെ വീട്ടുകാരെ ഏൽപിക്കാനാണ് തീരുമാനം. യുക്രെയ്നിലെ വിന്നീഷ്യയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് ദേവികുളം ലാക്കാട് സ്വദേശിനി ആര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.