പറയാനുള്ളത് പറയുമെന്ന നിലപാടിൽ ആര്യാടൻ; നേതൃത്വത്തിന് ആശങ്ക
text_fieldsനിലമ്പൂർ: മലപ്പുറം ഡി.സി.സി പ്രസിഡൻറ് തെരഞ്ഞെടുപ്പിനെക്കുറിച്ച് 'പറയാനുള്ളത് പറയു'മെന്ന മുതിർന്ന നേതാവ് ആര്യാടന് മുഹമ്മദിെൻറ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ആശങ്ക. പറയാനുള്ളത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിട്ടുണ്ടെന്നും ബാക്കി പറയാനുണ്ടെങ്കിൽ പറയുമെന്നുമാണ് ആര്യാടൻ ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മകൻ ഷൗക്കത്തിനുവേണ്ടി സമ്മർദം ചെലുത്താതെ ഉമ്മൻ ചാണ്ടിയോട് തീരുമാനമെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു ആര്യാടന്. ഷൗക്കത്തിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും വി.വി. പ്രകാശിനുവേണ്ടി പ്രചാരണരംഗത്ത് സജീവമായിരുന്നു. പിന്നീട് ഷൗക്കത്തിനെ ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോഴും മൗനം പാലിച്ചു. എന്നാൽ, ഇത്തവണ എ, ഐ ഗ്രൂപ്പുകൾ കാര്യമായ എതിർപ്പ് പ്രകടിപ്പിക്കാതിരുന്നിട്ടും ഷൗക്കത്തിനെ തഴഞ്ഞതും വി.എസ്. ജോയിയെ നിയമിച്ചതും മകനെ ഒഴിവാക്കാനാണെന്ന് ആര്യാടൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞതായാണ് അറിയുന്നത്. ഷൗക്കത്തിനെ വെട്ടിയത് എ.പി. അനില്‍കുമാറിെൻറ ഇടപെടലിലാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
1980ല്‍ എ.കെ. ആൻറണിക്കൊപ്പം ഇടതുപക്ഷത്തേക്ക് ചേക്കേറിയ രാഷ്ട്രീയലൈന്‍ സ്വീകരിക്കാന്‍ ആര്യാടന് തയാറാകുമോയെന്ന ആശങ്ക വരെ കോൺഗ്രസ് നേതൃത്വത്തിൽ ചിലർക്കുണ്ട്. അന്ന് ആൻറണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എ വിഭാഗം ഇടതുപക്ഷത്തെത്തിയപ്പോള്‍ ലീഗ് കോട്ടയായ പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ ജി.എം. ബനാത്ത് വാലയെ നേരിടാന്‍ രംഗത്തിറക്കിയത് ആര്യാടന് മുഹമ്മദിനെയാണ്. ബനാത്ത്വാലയുടെ ഭൂരിപക്ഷം അമ്പതിനായിരത്തിലേക്ക് കുറക്കാനായി.
എ കോണ്‍ഗ്രസിെൻറ പിന്തുണയോടെ അധികാരത്തിലേറിയ നായനാര്‍ മന്ത്രിസഭയില്‍, എം.എല്‍.എ പോലുമല്ലാതിരുന്ന ആര്യാടന് മുഹമ്മദിനെ വനം, തൊഴില്‍ മന്ത്രിയാക്കി. അന്ന് നിലമ്പൂരില്‍ വിജയിച്ച സി. ഹരിദാസിനെ രാജിവെപ്പിച്ചാണ് ആര്യാടന് മത്സരിച്ചത്. യൂത്ത് കോണ്‍ഗ്രസിെൻറ കരുത്തനായ നേതാവായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെയാണ് മലർത്തിയടിച്ചത്. അവിഭക്ത കോഴിക്കോടിെൻറ ഡി.സി.സി ജനറല്‍ സെക്രട്ടറിയും 1969ല്‍ മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോള്‍ ആദ്യ മലപ്പുറം ഡി.സി.സി പ്രസിഡൻറുമായി. നാല് തവണ മന്ത്രിയും 35 വര്‍ഷം നിലമ്പൂരില്‍നിന്ന് എം.എല്‍.എയുമായ ആര്യാടനെ അനുനയിപ്പിച്ച് കൂടെ നിർത്താൻ നേതൃത്വം നീക്കമാരംഭിച്ചിട്ടുണ്ട്.
മലപ്പുറം ഡി.സി.സി ഓഫിസിന് മുന്നിൽ കരിങ്കൊടി
മലപ്പുറം: ഡി.സി.സി പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അതൃപ്തിയുള്ള പ്രവർത്തകർ മലപ്പുറം ജില്ല കോൺഗ്രസ് ഓഫിസിന് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. തുടര്‍ന്ന് മറ്റ് പ്രവര്‍ത്തകരെത്തി കൊടിയഴിച്ചു. ജില്ല കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിച്ചതിനെതിരെ മലപ്പുറത്തും അസ്വാരസ്യങ്ങളുണ്ടെങ്കിലും പ്രതിഷേധം പുറത്തുവന്നിരുന്നില്ല. എന്നാല്‍, കരിങ്കൊടി കെട്ടിയതോടെ വിഷയം പരസ്യമായിരിക്കുകയാണ്. നിലമ്പൂരില്‍ സീറ്റ് ലഭിക്കാതിരുന്നതോടെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ആര്യാടന് ഷൗക്കത്തിന് താൽക്കാലിക അധ്യക്ഷ സ്ഥാനം നൽകിയിരുന്നു. ഇതിനാൽ ഷൗക്കത്തിനുതന്നെ അധ്യക്ഷ പദവി നല്‍കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഭാരവാഹികളും ജില്ലയിലെ കെ.പി.സി.സി അംഗങ്ങളില്‍ ചിലരും ഇതിനായി ഹൈകമാന്‍ഡിന് കത്തുമയച്ചു. എന്നാൽ, പ്രഖ്യാപനം വന്നപ്പോൾ വി.എസ്. ജോയിക്കാണ് നറുക്ക് വീണത്. ഈ മാസം 26ന് ജില്ല കമ്മിറ്റി ഓഫിസ് പരിസരത്തും വണ്ടൂരിലും എ.പി. അനില്‍കുമാര്‍ എം.എല്‍.എക്കെതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഉണ്ണിത്താെൻറ പരാമർശത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്തയച്ചു
മലപ്പുറം: മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നടത്തിയ പരാമർശത്തിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ജില്ലയിലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളായ 24 പേർ ഒപ്പിട്ട കത്താണ് അയച്ചത്. രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, കെ. സുധാകരൻ എന്നിവർക്കും അയച്ചിട്ടുണ്ട്. ഹൈകമാൻഡിെൻറ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപവത്കരിക്കണമെന്ന ഉണ്ണിത്താെൻറ പരാമർശത്തിനെതിരെയാണ് കത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.