കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു
text_fieldsനിലമ്പൂർ: കേരള രാഷ്ട്രീയത്തിലെ അതികായനും മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) വിട വാങ്ങി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ എട്ടിനായിരുന്നു അന്ത്യം. വീട്ടിലെ കുളിമുറിയിൽ വീണതിനെ തുടർന്ന് നാലുമാസത്തോളമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
ഈ മാസം 14ന് നിലമ്പൂരിലെ വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹത്തെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് നാലു ദിവസം മുമ്പാണ് വീണ്ടും കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.
മികവുറ്റ രാഷ്ട്രീയ തന്ത്രഞ്ജനും ഭരണാധികാരിയും ട്രേഡ് യൂണിയൻ നേതാവും മലബാറിൽ കോൺഗ്രസിന്റെ അസ്ഥിത്വം ഉയർത്തിപ്പിടിച്ച നേതാക്കളിൽ ഒരാളുമായ ആര്യാടന്റെ വിയോഗത്തോടെ, എന്നും നിലപാടുകളിൽ ഉറച്ചു നിന്ന നേതാവിനെ കൂടിയാണ് പാർട്ടിക്ക് നഷ്ടമായത്.
1956ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായാണ് രാഷ്ട്രീയ നേതൃരംഗത്ത് എത്തുന്നത്. 1958ല്‍ കെ.പി.സി.സി അംഗമായി. 1969ല്‍ മലപ്പുറം ജില്ല രൂപവത്കരിച്ചതോടെ ആദ്യ ഡി.സി.സി പ്രസിഡന്‍റായി. 11 വര്‍ഷം ഈ സ്ഥാനത്ത് തുടർന്നു. 13 വര്‍ഷം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി. 1977ല്‍ നിലമ്പൂരില്‍നിന്ന് നിയമസഭാംഗമായി.
1980ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനംവകുപ്പ് മന്ത്രിയായി. 1987 മുതല്‍ 2011 വരെ നിലമ്പൂരില്‍നിന്ന് തുടര്‍ച്ചയായി വിജയിച്ചു. എ.കെ. ആന്‍റണി മന്ത്രിസഭയിലും, രണ്ടുതവണ ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും മന്ത്രിയായി. വൈദ്യുതി, വനം, തൊഴില്‍, ടൂറിസം, ഗതാഗത വകുപ്പുകളുടെ ചുമതലയായിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് ഗ്രൂപ് രാഷ്ട്രീയത്തില്‍ എ.കെ. ആന്‍റണിക്കൊപ്പം അടിയുറച്ച് നിന്നു.
നിലമ്പൂരിലെ പരേതരായ ആര്യാടന്‍ ഉണ്ണീന്‍റെയും കദിയാമുണ്ണിയുടെയും മകനായി 1935 മേയ് 15നായിരുന്നു ജനനം. ഭാര്യ: പി.വി. മറിയുമ്മ. മക്കള്‍: ആര്യാടന്‍ ഷൗക്കത്ത് (കെ.പി.സി.സി ജനറല്‍ സെക്രട്ടറി), അന്‍സാര്‍ ബീഗം, ഖദീജ, ഡോ. റിയാസ് അലി (പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ്). മരുമക്കള്‍: ഡോ. ഹാഷിം ജാവേദ്, മുംതാസ്, ഡോ. ഉമ്മര്‍ (കോഴിക്കോട് ബേബി മെമ്മോറിയല്‍ ന്യൂറോ വിഭാഗം മേധാവി), സിമി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.