ഫലസ്തീൻ ഐക്യദാർഢ്യ റാലി: ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്ക്, വീണ്ടും നോട്ടീസ് നൽകും
text_fieldsമലപ്പുറം: പാർട്ടി വിലക്ക് ലംഘിച്ച് മലപ്പുറത്ത് ആര്യാടൻ ഫൗണ്ടേഷന്‍റെ പേരിൽ ഫലസ്തീൻ ഐക്യദാർഢ്യറാലി നടത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിയുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വം. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്നും ഷൗക്കത്തിന് വിലക്കേർപ്പെടുത്തിയ കെ.പി.സി.സി, അദ്ദേഹത്തിന് വീണും കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചു.
കെ.പി.സി.സി വിലക്ക് വകവെക്കാതെ മലപ്പുറത്ത് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചതിലൂടെ ഷൗക്കത്ത് നടത്തിയത് കടുത്ത അച്ചടക്ക ലംഘനവും പാർട്ടിയോടുള്ള പരസ്യവെല്ലുവിളിയുമാണെന്ന് വിലയിരുത്തിയാണ് കെ.പി.സി.സി വീണ്ടും നോട്ടീസ് നൽകുന്നത്. രണ്ടാമത്തെ കത്തിന് ഷൗക്കത്ത് മറുപടി നൽകിയശേഷം അച്ചടക്ക സമിതി ചേർന്ന് നടപടി തീരുമാനിക്കും. അതേസമയം, പാർട്ടി തീരുമാനം അനുസരിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.
ഫലസ്തീൻ ഐക്യാദാർഢ്യ റാലിയെ വിഭാഗീയതക്കുള്ള മറയായി അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് നവംബർ രണ്ടിന് കെ.പി.സി.സി സംഘടന ചുമതലയുള്ള ജന. സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ഷൗക്കത്തിന് കത്ത് നൽകിയിരുന്നു. നിർദേശം അവഗണിച്ച് പരിപാടി നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കേണ്ടിവരുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കെ.പി.സി.സി വിലക്ക് തള്ളിയാണ് ഷൗക്കത്തിന്‍റെ നേതൃത്വത്തിൽ മലപ്പുറത്ത് കഴിഞ്ഞ വെള്ളിയാഴ്ച യുദ്ധവിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്.
മലപ്പുറത്ത് ആര്യാടൻ ഫൗണ്ടേഷന്‍റെ നടന്നത് ഫലസ്തീന് വേണ്ടി മാത്രമുള്ള പരിപാടിയാണെന്നും പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നുമാണ് ഷൗക്കത്ത് കെ.പി.സി.സിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നത്. ഒക്ടോബർ 21ന് ഫൗണ്ടേഷന്‍റെ ജനറൽബോഡിയിലാണ് ഐക്യദാർഢ്യ പരിപാടി നടത്താൻ തീരുമാനമെടുത്തത്. മതപണ്ഡിതർമാരടക്കം പ്രമുഖരെയടക്കം ക്ഷണിക്കുകയും ജനസദസുകൾ സംഘടിപ്പിച്ച് വൻ പ്രചാരണം നൽകുകയും ചെയ്ത പരിപാടി തലേദിവസം നൽകിയ നോട്ടീസിന്‍റെ പേരിൽ ഒറ്റയടിക്ക് മാറ്റിവെക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായതെന്നും ഷൗക്കത്ത് വിശദീകരണത്തിൽ പറയുന്നു.
മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തെ ചൊല്ലിയുള്ള ഗ്രൂപ്പ് തർക്കമാണ് മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറിയിൽ എത്തിയത്. മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ എ.പി. അനില്‍ കുമാര്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയിയും ചേര്‍ന്ന് ‘എ’ ഗ്രൂപ്പിനെ പൂര്‍ണമായും വെട്ടി നിരത്തിയെന്നാണ് പരാതി. തർക്കമുള്ള ഇടങ്ങളിലെ സ്ഥാനാരോഹണം നീട്ടിവക്കണമെന്ന കെ.പി.സി.സി നിർദ്ദേശം ഡി.സി.സി അട്ടിമറിച്ചെന്ന് ആരോപിച്ചാണ് ‘എ’ ഗ്രൂപ്പ് പരസ്യപോരിന് ഇറങ്ങിയത്. ഗ്രൂപ്പിന്‍റെ ശക്തി പ്രകടനം എന്ന നിലയക്കാണ് ‘എ’ വിഭാഗം ഫലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിച്ചത്. ആര്യാടൻ ഫൗണ്ടേഷന്‍റെ പേരിൽ നടന്ന പരിപാടിയിൽ വനിതകളടക്കം നൂറുകണക്കിന് പാർട്ടി പ്രവർത്തകർ അണിനിരന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.