വിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യം: ആര്യാടൻ ഷൗക്കത്തിന്‍റെ നടപടി ശരിയായില്ല -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: കെ.പി.സി.സി വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ആര്യാടൻ ഷൗക്കത്ത് ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത് ശരിയായില്ലെന്ന് കെ. മുരളീധരൻ എം.പി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ വിഷയത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി ഔദ്യോഗിക പരിപാടി നടത്തി. എന്നിട്ടും മറ്റൊരു റാലി നടത്തിയത് വിഭാഗീയ പ്രവർത്തനമായാണ് പാർട്ടി കണ്ടത്. അതുകൊണ്ടാണ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടതും. അത് ലംഘിച്ചത് ശരിയായില്ല. ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി ഉണ്ടാകും. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് കരുതുന്നത്. മലപ്പുറത്ത് ഉണ്ടാകുന്ന സംഘർഷങ്ങൾ ഘടകകക്ഷികൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. ഷൗക്കത്ത് വിചാരിച്ചാൽ ഇത് പരിഹരിക്കാൻ കഴിയും. കോൺഗ്രസ് വിട്ടുപോയവരുടെ അവസ്ഥ ഷൗക്കത്തിന് നന്നായി അറിയാം. ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷം കെട്ടി ഒരു എം.എൽ.എ സ്ഥാനത്തിനുവേണ്ടി പോകില്ലെന്ന് ഉറപ്പുണ്ട് -മുരളീധരൻ പറഞ്ഞു.
മുന്നണി കെട്ടുറപ്പ് പരിഗണിച്ചാണ് മുസ്‌ലിം ലീഗ് സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കോൺഗ്രസ്-ലീഗ് ബന്ധത്തില്‍ വിള്ളലേൽപിക്കാൻ ആരുനോക്കിയാലും നടക്കില്ല. സി.പി.എം ഫലസ്തീനെ കൂട്ടുപിടിക്കുന്നത്, ഫലസ്തീൻ ജനതയോട് ഇഷ്ടമുണ്ടായിട്ടല്ല. ഇവിടത്തെ കുഴപ്പങ്ങൾ മറച്ചുപിടിക്കാൻ വേണ്ടിയാണ്. കേരളീയം കാണാൻ ജനം പോകുന്നത് പിണറായിയോടുള്ള ഇഷ്ടംകൊണ്ടല്ല. അവരുടെ പ്രയാസങ്ങൾ മറക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.