കിയോസ്കിൽ വീർപ്പുമുട്ടി ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റ്
text_fieldsപുനലൂർ: അടിസ്ഥാനസൗകര്യമില്ലാതെ കിയോസ്കിൽ ഒരുക്കിയ എക്സൈസ് ചെക്പോസ്റ്റിലെ ജീവനക്കാർ വീർപ്പുമുട്ടുന്നു. ശാസ്ത്രീയമായ പരിശോധന സാമഗ്രികളും ഇല്ലാത്തത് കാരണം പരിശോധനയും നാമമാത്രമാകുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട അതിർത്തി ചെക്പോസ്റ്റുകളിലൊന്നായ ആര്യങ്കാവിലെ എക്സൈസിന്‍റെ പ്രവർത്തനമാണ് താളം തെറ്റുന്നത്. കഞ്ചാവ് അടക്കം ഏറ്റവുംകൂടുതൽ ലഹരി വസ്തുക്കൾ കടത്തുന്ന മേഖല കൂടിയാണിത്.
പാതയോരത്തെ ടാർപ്പോളിൻ മേഞ്ഞ ഷെഡിൽ രാപ്പകൽ വ്യത്യാസമില്ലാതെ മഴയും മഞ്ഞും അവഗണിച്ച് ലഹരി കടത്ത് പിടിക്കുകയെന്നത് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണ്. ക്ഷേത്രത്തിന് സമീപത്തെ വാണിജ്യ നികുതി ചെക്പോസ്റ്റ് കെട്ടിടത്തിൽ കാലങ്ങളായി പ്രവർത്തിച്ചിരുന്ന എക്സൈസ് ചെക്പോസ്റ്റ് അഞ്ച് വർഷം മുമ്പാണ് ഒരു കിലോമീറ്ററോളം അകലേക്ക് മാറ്റിയത്.
പാതയോരത്ത് ടിൻഷീറ്റ് കൊണ്ടു നിർമിച്ച കിയോസ്ക് സ്ഥാപിച്ച് അതിലേക്കാണ് മാറ്റിയത്. വാഹനങ്ങളുടെ പരിശോധനയും പാർക്കിങ് അടക്കം സൗകര്യവും ചൂണ്ടിക്കാട്ടിയായിരുന്നു ഈ മാറ്റം. രണ്ടുമുറികളായുള്ള കിയോസ്കിൽ ഒരെണ്ണം സി.ഐ ഉപയോഗിക്കുന്നു. ശേഷിക്കുന്ന ഒരു മുറിയിലാണ് ഡ്യൂട്ടിയിലുള്ള മറ്റ് ജീവനക്കാർ ഇരിക്കുന്നതും ഫയലുകളും തൊണ്ടിമുതലുകളും സൂക്ഷിക്കലും. നാല് ടേണിലായി ഇരുപതോളം ജീവനക്കാരാണുള്ളത്.
കിയോസ്കിലിരുന്നുള്ള പരിശോധന ദുരിതമായതോടെ മുന്നിലായി പ്ലാസ്റ്റിക് ടാർപ്പോളിൻ കൊണ്ട് മറച്ച് താൽക്കാലിക ഷെഡ് ഉണ്ടാക്കി അതിലേക്ക് മാറി. മേൽക്കൂരയും വശവും മറച്ചിരിക്കുന്ന ടാർപ്പോളിൻ കീറിനശിച്ചതിനാൽ മഴസമയത്ത് ഇത് ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്. കിയോസ്കിലാകട്ടെ ശുചിമുറിയടക്കം ഉണ്ടെങ്കിലും വെള്ളം ഇനിയും എത്തിയിട്ടില്ല. അടുത്ത വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവന്നാണ് പ്രാഥമിക കൃത്യങ്ങൾ ജീവനക്കാർ നിർവഹിക്കുന്നത്.
സ്കാനർ അടക്കം ആധുനികമായ പരിശോധനാസംവിധാനങ്ങളൊന്നും ഇവിടില്ല. പലപ്പോഴും പഴയ രീതിയായ കമ്പി കുത്തി പരിശോധനയാണ് നടക്കുന്നത്. ചെക്പോസ്റ്റിലെ പഴുതുകൾ മനസ്സിലാക്കി കഞ്ചാവ് ലോബികൾ പ്രധാനമായും ഈ വഴിയാണ് ആശ്രയിക്കുന്നത്. ഋഷിരാജ് സിങ് മുമ്പ് എക്സൈസ് തലവനായിരുന്നപ്പോൾ ഇവിടെ പലതവണ സന്ദർശിച്ച് ആധുനിക പരിശോധന സംവിധാനമൊരുക്കാൻ റിപ്പോർട്ട് നൽകിയിട്ടും പരിഗണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.