ഡിജിറ്റൽ മത്സരം കൊഴുക്കുമ്പോൾ ദുരുപയോഗവും ഏറുന്നു
text_fieldsകൊച്ചി: കോവിഡിനെ പേടിച്ച് ഇത്തവണ അങ്കത്തട്ട് ഫേസ്ബുക്കിലേക്കും വാട്ട്സ്ആപ്പിലേക്കും പറിച്ചുനട്ടപ്പോൾ, വോട്ടുപിടിത്തത്തിനുള്ള സാധ്യതകൾ മാത്രമല്ല വർധിച്ചത്. എതിർസ്ഥാനാർഥിയെ സചിത്രം അപകീർത്തിപ്പെടുത്തുകയെന്ന 'അജണ്ടയിലില്ലാത്ത' പ്രചാരണ നടപടി കൂടി സമൂഹമാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് മതിലുകളിൽ നടക്കുന്നുണ്ട്. വനിത സ്ഥാനാർഥികളാണ് ഇത്തരത്തിൽ ഫോട്ടോഷോപ്പ് ആക്രമണങ്ങൾക്ക് ഏറെയും ഇരയാവുന്നത്. ചിത്രങ്ങളിൽ ഫോട്ടോഷോപ്പ് ചെയ്യുന്നതു കൂടാതെ, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സ്ഥാനാർഥികളെ കുറിച്ച് പോസ്റ്ററുകളിൽ പലതും എഴുതിപിടിപ്പിക്കുന്ന സംഭവവുമുണ്ട്.
കോഴിക്കോട് മുക്കം നഗരസഭ 18ാം വാർഡിൽ യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി സാറ കൂടാരത്തിെൻറ പോസ്റ്ററിൽ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്നെഴുതിപ്പിടിപ്പിച്ചാണ് എതിർ മുന്നണികൾ പ്രചരിപ്പിച്ചത്. യഥാർഥ പോസ്റ്ററിനുള്ളിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പി.െക. കുഞ്ഞാലിക്കുട്ടി എം.പി, ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ അബുൽ അഅ്്ലാ മൗദൂദി എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ എഡിറ്റഡ് പോസ്റ്റർ ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥും ഡി.വൈ.എഫ്.ഐ പ്രാദേശിക പേജുകളിൽ ഇടത് പ്രവർത്തകരിൽ ചിലരും പങ്കുവെച്ചിരുന്നു. സംഭവത്തിൽ സാറ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സ്ത്രീവിരുദ്ധവും അശ്ലീലവുമായ പദപ്രയോഗങ്ങളുടെ അകമ്പടിയോടെ പോസ്റ്ററുകൾ പങ്കുവെക്കുന്നതും ഏറെയാണ്. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകുന്ന ചിത്രങ്ങൾക്കപ്പുറം അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽനിന്നുള്ള ചിത്രങ്ങളെടുത്ത് അനാവശ്യ അടിക്കുറിപ്പുകളോടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും വൈറലാക്കുന്നവരുമുണ്ട്. 'അത്ര നിഷ്കളങ്കമല്ലാത്ത' ട്രോളുകളും ഇത്തരത്തിൽ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും െചയ്യുന്നുണ്ട്. അപകീർത്തികരമായ ആരോപണങ്ങളുന്നയിച്ച് സ്ഥാനാർഥിയുടെ ആത്മവീര്യം തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.