ഗായകന് എം.എസ് നസീം അന്തരിച്ചു
text_fieldsകഴക്കൂട്ടം: പ്രശസ്ത ഗായകന് എം.എസ്. നസീം (66) അന്തരിച്ചു. ബുധനാഴ്ച രാവിലെ ആറോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് 15 വർഷമായി ചികിത്സയിലായിരുന്നു. ചെറുപ്പത്തില്‍തന്നെ സംഗീത ലോകത്തേക്ക് കടന്നുവന്ന നസീം ഇന്ത്യയിലും പുറത്തുമായി മൂവായിരത്തിലേറെ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. ദൂരദര്ശന് തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത 'ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി' എന്ന ഡോക്യുമെൻററി മലയാള ഗാനചരിത്രം രേഖപ്പെടുത്താന്‍ നസീം നടത്തിയ പ്രയത്നത്തിെൻറ ഭാഗമായി നിര്‍മിച്ചതാണ്.
സിനിമ, നാടക, ലളിതഗാനങ്ങൾ, ഗസല്‍ എന്നിവയുടെ ചരിത്രത്തെക്കുറിച്ച് പഠിക്കാനും അത് ഭാവിതലമുറക്കായി രേഖപ്പെടുത്താനും ശ്രമിച്ചു. ഇതിെൻറ ഭാഗമായി കഴക്കൂട്ടം വെട്ടുറോഡിലെ വീട് സംഗീത മ്യൂസിയമാക്കി. 1990 ല്‍ ഇറങ്ങിയ 'അനന്തവൃത്താന്തം' എന്ന ചിത്രത്തിലെ ഒറ്റ ഗാനം മാത്രമാണ് സിനിമയിൽ ആലപിച്ചത്.
1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം, നാലുതവണ സംസ്ഥാന സര്‍ക്കാറിെൻറ ടെലിവിഷൻ അവാർഡ്, 2001ല്‍ കുവൈത്തിലെ സ്മൃതി എ.എം. രാജ പുരസ്കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 27 വര്‍ഷം കെ.എസ്.ഇ.ബിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2003ല്‍ സൂപ്രണ്ടായിരിക്കെ, സ്വയം വിരമിച്ച് മുഴുവൻ സമയ സംഗീത പ്രവര്‍ത്തകനായി.
മുഹമ്മദ് റഫിെയയും എ.ടി. ഉമ്മറിനെയും കുറിച്ചുള്ളതടക്കം സംഗീതവുമായി ബന്ധപ്പെട്ട് നിരവധി ഡോക്യുമെൻററികള്‍ തയാറാക്കി. 'മിഴാവി'ന് ദേശീയ പുരസ്കാരം ലഭിച്ചു. ഭാര്യ: ഷാഹിദ. മക്കൾ: നാദിയ, നസ്മി. മരുമക്കൾ: ജാസിർ, താജ്. സഹോദരങ്ങൾ: എം.എസ്. കബീർ, എം.എസ്. ഹുസൈൻ, പരേതനായ എം.എസ്. റാഫി, എം.എസ്. സുൽഫി, എം.എസ്. മുഹമ്മദ്, എം.എസ്. ഷൈല, എം.എസ്. മാഷിദ. ഖബറടക്കം കണിയാപുരം പരിയാരത്തുകര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.