ശമ്പളം നൽകാൻ നെട്ടോട്ടം
text_fieldsതിരുവനന്തപുരം: ശമ്പളം മുടക്കുംവിധം സാമ്പത്തികഞെരുക്കം രൂക്ഷമായതോടെ ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം. തിങ്കളാഴ്ച ശമ്പളവിതരണം ആരംഭിക്കാനുള്ള കഠിന ശ്രമത്തിനൊപ്പം ട്രഷറി വീണ്ടും ഓവർഡ്രാഫ്റ്റിലേക്ക് പോകാതിരിക്കാൻ നിയന്ത്രണങ്ങളും ആലോചനയിലുണ്ട്.
ശമ്പളത്തിനായി ജീവനക്കാർ സമരം ചെയ്യുന്ന സാഹചര്യം സർക്കാറിനെ സംബന്ധിച്ച് വലിയ നാണക്കേടും തലവേദനയുമാണ്. ഇതൊഴിവാക്കാൻ അവധിദിവസമായ ഞായറാഴ്ചയും തിരക്കിട്ട ശ്രമങ്ങളാണ് നടന്നത്. ട്രഷറിയിലേക്ക് പണമെത്തിക്കാൻ പൊതുമേഖല സ്ഥാപനങ്ങൾക്ക് നിർദേശവും നൽകി. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണമെന്നാണ് സർക്കാർ നിർദേശം.
ശമ്പളത്തിനായി 3,400 കോടിയും പെൻഷൻ വിതരണത്തിനായി 2400 കോടിയുമാണ് പ്രതിമാസം വേണ്ടത്. 2.75 ലക്ഷം ജീവനക്കാർക്ക് തിങ്കളാഴ്ച ശമ്പളമെത്തിക്കുമെന്നാണ് ധനവകുപ്പിൽനിന്നുള്ള സൂചന. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ശമ്പള വിതരണത്തിൽ നിയന്ത്രണം വന്നേക്കും. ഓരോദിവസവും പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാനാണ് ആലോചന.
14 ദിവസത്തോളം ഓവർഡ്രാഫ്റ്റിലായിരുന്നു ട്രഷറി. കേന്ദ്രത്തിൽനിന്ന് നികുതി വിഹിതമായി 4000 കോടി കിട്ടിയപ്പോഴാണ് ഓവർഡ്രാഫ്റ്റ് മാറിക്കിട്ടിയത്. ഈ തുക ശമ്പളത്തിനായി വിനിയോഗിച്ചാൽ വീണ്ടും ഓവർഡ്രാഫ്റ്റിലാകും. ഇതൊഴിവാക്കാനാണ് ശമ്പള വിതരണം തുടങ്ങുന്നതിനൊപ്പം പ്രതിദിനം പിൻവലിക്കാവുന്ന തുകയിൽ പരിധി നിശ്ചയിക്കാനുള്ള ആലോചന. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തിൽ ധനവകുപ്പിൽ തന്നെ ആശങ്കകളുണ്ട്.
നിയന്ത്രണം കൊണ്ടുവന്നാല്‍ എതിര്‍ക്കുമെന്ന് പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് 4600 കോടി രൂപക്ക് കേരളത്തിന് അർഹതയുണ്ട്. ഇത് അനുവദിച്ച് കിട്ടിയാൽ പ്രതിസന്ധി ഒഴിയും. എന്നാൽ ഇത് രണ്ട് ദിവസത്തിനുള്ളിൽ വേണം.
മാർച്ച് മൂന്ന് പിന്നിട്ടിട്ടും സർക്കാർ ജീവനക്കാരിൽ ശമ്പളം ലഭിച്ചത് ചെറിയ വിഭാഗം ജീവനക്കാർക്ക് മാത്രമാണ്. ഭൂരിപക്ഷം വരുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് (ഇ.ടി.എസ്.ബി) അക്കൗണ്ട് വഴിയാണ്. ഈ അക്കൗണ്ട് മരവിപ്പിച്ചാണ് ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണമെത്തുന്നത് തടഞ്ഞിരിക്കുന്നത്. ഇ.ടി.എസ്.ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് ശമ്പള വിതരണത്തിൽ പ്രതിസന്ധിയായത്.
ശമ്പള-പെൻഷൻ ചെലവുകൾ മാറ്റിനിർത്തിയാലും സാമ്പത്തിക വർഷാവസാനമായ മാർച്ചിലെ ആകെ ചെലവുകൾക്കായി 23,000 കോടി രൂപ കണ്ടെത്തണം. ആറുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയാണ്. ഇതിനുമാത്രം 5400 കോടി വേണം. കാരുണ്യ ചികിത്സ പദ്ധതിയിലെ കുടിശ്ശിക തീർക്കാൻ 1000 കോടിയോളം കണ്ടെത്തണം. എൻ.എച്ച്.എം ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങിയിട്ട് രണ്ടുമാസമായി. കോൺട്രാക്ടർമാർക്ക് നൽകാനുള്ളതും ഭാരിച്ച തുകയാണ്.
ആദ്യം ശമ്പളം; എന്നിട്ടാവാം വിരുന്ന് -ആക്ഷൻ കൗൺസിൽ
ഇന്നുമുതൽ അനിശ്ചിതകാല നിരാഹാരം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം എത്തിച്ചിട്ടാവണം ബജറ്റ് തയാറാക്കിയ ഉദ്യോഗസ്ഥർക്ക് ധനമന്ത്രി തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന ഉച്ചവിരുന്ന് നടത്താനെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. കഴിഞ്ഞ എട്ടുവർഷത്തെ ധനകാര്യ മാനേജ്മെൻറിന്റെ സാക്ഷ്യപത്രമാണ് ശമ്പള മുടക്കം. അപകടകരമായ സാമ്പത്തിക അവസ്ഥയിൽ ബജറ്റ് തയാറാക്കിയതിന്റെ സന്തോഷവിരുന്ന് ഉപേക്ഷിച്ചാൽ ജീവനക്കാർ സഹിക്കും. അതിനായി ചെലവഴിക്കേണ്ട തുക ഖജനാവിലേക്ക് മുതൽകൂട്ടുകയും ചെയ്യാം. ഫെബ്രുവരിയിലെ ശമ്പളം അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11 മുതൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.