‘ആശ’ സമരം കടുക്കുന്നു; ഇന്നുമുതൽ നിരാഹാരം
text_fieldsആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുന്നു (photo: പി.ബി. ബിജു)
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ആനുകൂല്യം ഏർപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ മണിക്കൂറുകളുടെ ഇടവേളയിൽ നടന്ന രണ്ടു ചർച്ചകളും പരാജയപ്പെട്ടതോടെ, സമരം കടുപ്പിക്കാനൊരുങ്ങി ആശ വർക്കർമാർ. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം 38-ാം ദിനമെത്തിയപ്പോഴാണ് സർക്കാർ രണ്ടാം ഘട്ട ചർച്ചക്ക് തയാറായത്. ഉച്ചക്ക് എൻ.എച്ച്.എം ഡയറക്ടറുടെ നേതൃത്വത്തിലും വൈകീട്ട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുമായിരുന്നു ചർച്ച. ഇന്ന് (വ്യാഴം) മുതൽ നിരാഹാര സമരം ആരംഭിക്കാനിരിക്കെയാണ് ഉച്ചക്ക് നാഷനൽ ഹെൽത്ത് മിഷൻ ഡയറക്ടർ ചർച്ചക്കായി ക്ഷണിച്ചത്.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി.കെ. സദാനന്ദൻ, വൈസ് പ്രസിഡന്റ് എസ്. മിനി, സംസ്ഥാന സമിതി അംഗങ്ങളായ എസ്. ശാലിനി, ബീന പീറ്റർ, രാജി, പി. ശാന്തമ്മ, ആർ. ഷീജ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ആശമാരുടെ ആവശ്യത്തിനു മുന്നിൽ ഖജനാവ് കാലിയാണെന്നു പറഞ്ഞ് ഡയറക്ടർ വിനയ് ഗോയൽ കൈമലർത്തി. ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ ജാഥ നടത്തുന്നതിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചക്കായി വിളിച്ചത്.
നിയമസഭയിലെ മന്ത്രിയുടെ കാബിനിൽ നടന്ന ചർച്ചയിൽ ആശ വർക്കർമാരുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാർഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രിയുടെ ‘ഉപദേശ’ത്തിനും സമരക്കാർ വഴങ്ങിയില്ല. രണ്ടു ചർച്ചകളും പരാജയപ്പെട്ടതോടെ, വ്യാഴാഴ്ച രാവിലെ 11ന് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശ വർക്കർമാർ വ്യക്തമാക്കി. അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, ആശ പ്രവർത്തകരായ തങ്കമണി, ഷീജ എന്നിവരാണ് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നിരാഹാരമിരിക്കുക. തങ്ങളുടെ ആവശ്യങ്ങളെല്ലാം നേടിയിട്ട് മാത്രമേ, സമരം അവസാനിപ്പിക്കൂവെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.