ആശാദേവിയെ നാട്ടിലെത്തിച്ചു; ആനന്ദാശ്രുക്കൾ പൊഴിച്ച് കുടുംബം
text_fieldsഅടൂര്‍: ബിഹാറിൽനിന്ന് കാണാതായി പൊലീസ് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ എത്തിച്ച യുവതിയെ നാട്ടിൽ എത്തിച്ച് മഹാത്മ പ്രവർത്തകർ.
രാത്രിയിൽ ഒറ്റപ്പെട്ടനിലയില്‍ നൂറനാട് കണ്ടെത്തുകയും പരസ്പര വിരുദ്ധമായി സംസാരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ബിഹാര്‍ സ്വദേശിനിയായ ആശാദേവിയെ (30) നൂറനാട് പൊലീസാണ് യാചക പുനരധിവാസകേന്ദ്രം കൂടിയായ മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിച്ചത്.
ഫെബ്രുവരി എട്ടിന് നൂറനാട് സി.ഐ വി.ആര്. ജഗദീഷ്, എ.എസ്.ഐ പുഷ്പശോഭന്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍ ആര്. രജനി, പാലമേല്‍ പഞ്ചായത്ത് പ്രസിഡൻറ് വി. വിനോദ് എന്നിവര്‍ ചേര്‍ന്ന് ഇവരെ അഭയകേന്ദ്രത്തിലെത്തിച്ചു. മഹാത്മയിലെ പരിചരണവും സംരക്ഷണവും നിമിത്തം ആശാദേവിയുടെ ഓര്മ തിരികെ ലഭിക്കുകയും ആരോഗ്യവതിയാവുകയും ചെയ്തപ്പോൾ തന്റെ വിലാസവും ജീവിത സാഹചര്യവും അവർ വെളിപ്പെടുത്തുകയായിരുന്നു.
ബിഹാറിലെ ഗ്രാമഭാഷ സംസാരിക്കുന്ന ഇവരില്‍നിന്ന് വ്യക്തമായ വിവരങ്ങള്‍ മനസ്സിലാക്കാനാവാത്ത സാഹചര്യത്തില്‍ ഇവര്‍ നല്കിയ വിവരങ്ങള്‍വെച്ച് പട്ന ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അന്വേഷണം നടത്തുകയും ഒടുവില്‍ ഭഗവൽപുര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സഞ്ജയ്കുമാര്‍ ഇവരുടെ ഗ്രാമം തിരിച്ചറിയുകയും ചെയ്തു.
ബിഹാര്‍ വനമേഖലയിലെ ഒരു ഉള്‍ഗ്രാമമായ കൈമൂര്‍ സ്വദേശിനിയായ ആശാദേവിയുടെ ഭര്‍ത്താവ് കമലേഷ് ബിന്ദ് സെക്കന്തരാബാദിലെ ഇബ്രാഹീം പട്ടണത്തിനടുത്ത് ബംഗളൂരു എന്ന സ്ഥലത്ത് മഹീന്ദ്ര റൈസ് മില്ലിലെ തൊഴിലാളിയാണ്. കരിഷ്മ (എട്ട്), രതിക (നാല്) എന്നിവർ മക്കളാണ്.
പൊലീസ് ഫോണ്‍ നമ്പര്‍ നൽകിയതിനെത്തുടര്‍ന്ന് മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല കമലേഷുമായി സംസാരിച്ച് വിവരങ്ങള്‍ അറിഞ്ഞു. ഒന്നരമാസമായി ആശാദേവിയെ കാണാതായിട്ട്. സെക്കന്തരാബാദിലെ ജോലിസ്ഥലത്ത് ഭര്‍ത്താവുമായി ഒരുമിച്ച് കഴിഞ്ഞിരുന്നതാണ്. എങ്ങനെയോ ഉണ്ടായ ഓര്മക്കുറവിലാണ് അലഞ്ഞുതിരിഞ്ഞ് കേരളത്തിലെത്തിയത്. ദുഃഖത്തിലായ മക്കളുമായി ജോലിക്കുപോലും പോകാനാവാതെ കമലേഷ് കഴിയുകയായിരുന്നു. അമ്മയുടെ അസാന്നിധ്യം ഏറെ ബാധിച്ചത് ഇളയ മകളെയായിരുന്നു.
അതിനാല്‍ ആശാദേവിയുടെ അനുജത്തി ബിഹാറിലേക്ക് ഇളയകുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നു. മൂത്തമകള്‍ വീണ് കാലിന് പരിക്കേറ്റ് കഴിയുന്നതിനാല്‍ മകളെ ഒറ്റക്കാക്കി കേരളത്തിലേക്ക് വരാന്‍ കമലേഷിന് കഴിയാതായതോടെ മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ലയും സെക്രട്ടറി പ്രീഷില്‍ഡയും ചേര്‍ന്ന് ഇവരെ സെക്കന്തരാബാദിലെ വീട്ടിലെത്തിച്ചു. മകള്‍ പൊട്ടിക്കരഞ്ഞാണ് അമ്മയെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.