ആശ സമരം: മാർച്ച് 24 ന് സമരവേദിയിൽ കൂട്ട ഉപവാസം
text_fieldsതിരുവനന്തപുരം: ആശ സമര വേദിയിൽ മാർച്ച് 24 ന് കൂട്ട ഉപവാസം നടത്തുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. 41 ദിവസം പിന്നിടുന്ന ആശ വർക്കർമാരുടെ രാപകൽ സമരവേദിയിൽ നിരഹാര സമരം ആരംഭിച്ചിട്ട് മൂന്ന് ദിവസമായി. കെ.എച്ച്.ഡബ്ല്യു.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു അശവർക്കർമാരായ എം. ശോഭാ, കെ.പി. തങ്കമണി എന്നിവരാണ് ഇപ്പോൾ നിരാഹാരം തുടരുന്നത്. നിരാഹാര സമരത്തിൻറെ അഞ്ചാം ദിവസമാണ് കൂട്ട ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്.
എത്തിച്ചേരാൻ കഴിയുന്ന പരമാവധി ആശാവർക്കർമാർ അനിശ്ചിതകാല നിരാഹാര സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് തിങ്കളാഴ്ച സമരപ്പന്തലിൽ ഉപവസിക്കും. എത്തിച്ചേരാൻ കഴിയാത്തവർ പ്രാദേശിക തലത്തിൽ പ്രത്യേക കേന്ദ്രങ്ങളിലോ ജോലിചെയ്യുന്ന സെൻററുകളിലോ ഉപവാസ സമരം നടത്തും. നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയ വിവിധ സംഘടനകളും 24ന് സമരവേദിയിൽ എത്തും.
സമരത്തിന് സംഭാവനയുമായി മൂന്നാം ക്ലാസ് വിദ്യാർഥി സമരവേദിയിൽ എത്തി. മെറിറ്റ് സ്കോളർഷിപ്പ് ആയി ലഭിച്ച അർണവ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി.കെ. സദാനന്ദന് കൈമാറിയത്. നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയ വിദ്യാർത്ഥിയാണ് അർണവ്.
സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയിൽ ഇന്ന് ഐക്യദാർഢ്യവുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, അടൂർ പ്രകാശ് എം.പി, മുൻ എം.പി കെ. മുരളീധരൻ, മുൻ എറണാകുളം കലക്ടർ എം.പി. ജോസഫ് , ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ്, വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് ഫായിസ, ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് നയീം ഗഫൂർ, എക്സ് സർവീസ് മാൻ കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി ശ്രീകുമാർ, ജില്ലാ സെക്രട്ടറി സുനിൽകുമാർ, ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡൻറ് സജി ജോസ്, ജില്ലാ പ്രസിഡൻറ് ഫ്രാങ്ക്ളിൻ തുടങ്ങിയ വിവിധ നേതാക്കൾ എത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.