ആശവർക്കർമാരെ വീണ്ടും ചർച്ചക്ക് വിളിച്ചു
text_fieldsആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുന്നു (photo: പി.ബി. ബിജു)
തിരുവനന്തപുരം: വേതനവർധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന ആശവർക്കർമാരെ വീണ്ടും ചർച്ചക്ക് വിളിച്ചു. സ്റ്റേറ്റ് എൻ.എച്ച്.എം ആണ് ചർച്ച നടത്തുക. സ്റ്റേറ്റ് എൻ.എച്ച്.എമ്മിന്റെ ഓഫീസിൽ ഇന്ന് ഉച്ചക്ക് 12.30നായിരിക്കും ചർച്ച. സ്റ്റേറ്റ് എൻ.എച്ച്.എം ഉദ്യോഗസ്ഥരായിരിക്കും ചർച്ച നടത്തുക. ആശവർക്കർമാർ നാളെ നിരാഹരസമരം തുടങ്ങാനിരിക്കെയാണ് വീണ്ടും ഇവരെ ചർച്ചക്ക് വിളിച്ചത്.
നേരത്തെയും എൻ.എച്ച്.എം ആശാവർക്കർമാരെ ചർച്ചക്ക് വിളിച്ചിരുന്നു. എന്നാൽ, അന്ന് ആശമാർ ഉന്നയിച്ച ആവശ്യങ്ങളിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു എൻ.എച്ച്.എം നിലപാട്.
സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരത്തിന്റെ തുടര്‍ച്ചയായി അടുത്തഘട്ടം സമരം ആശ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 20-ാം തീയതി മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി പ്രസിഡന്റ് വി.കെ. സദാനന്ദന്‍ പറഞ്ഞിരുന്നു. രാപ്പകല്‍ സമരം 36-ാം ദിവസത്തിലേക്ക് കടന്ന ദിവസമായ തിങ്കളാഴ്ച, പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചിരുന്നു. ഇതിനുപിന്നാലെ രാപ്പകല്‍ സമരവേദിയില്‍ ആശ വര്‍ക്കര്‍മാരെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് സദാനന്ദന്‍ നിരാഹാരസമരം ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്.
ആദ്യഘട്ടത്തില്‍ മൂന്നുപേരായിരിക്കും നിരാഹാരസമരത്തില്‍ ഭാഗമാവുകയെന്നും പിന്നാലെ മറ്റുള്ളവരും പങ്കാളികളാകുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും വി.കെ. സദാനന്ദന്‍ പറഞ്ഞിരുന്നു. '20-ാം തീയതി രാവിലെ 11 മണിയോടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും ആശാവർക്കർമാർ അറിയിച്ചിരുന്നു.
രാപ്പകല്‍ സമര കേന്ദ്രത്തില്‍ തന്നെയായിരിക്കം ആശ വര്‍ക്കര്‍മാര്‍ നിരാഹാരമിരിക്കുക. ആദ്യഘട്ടത്തില്‍ സമരത്തിന്റെ നേതൃസ്ഥാനത്തുള്ള മൂന്നുപേരായിരിക്കും നിരാഹാരമിരിക്കുക. സ്ത്രീ തൊഴിലാളി സമരങ്ങളില്‍ നിര്‍ണായകമായ ഒരു സമരമായി ഈ സമരം മാറുമെന്നും ആശാവർക്കർമാർ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.