സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാർ
text_fieldsആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുന്നു (photo: പി.ബി. ബിജു)
തിരുവനന്തപുരം: 36 ദിവസമായുള്ള രാപ്പകൽ സമരം സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. സെക്രട്ടേറിയറ്റ് വളഞ്ഞുള്ള ഉപരോധ സമരമാണ് നടന്നത്. ഉപരോധം സമ്പൂർണമായിരുന്നു.
രാവിലെ 10ന് തന്നെ സമരവേദിയിൽ നിന്ന് ജാഥയായി സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിലേക്കെത്തിയ ആശ വർക്കർമാർ ഉപരോധ സമരത്തിന് തുടക്കം കുറിച്ചു. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി എം.എ. ബിന്ദു അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എമാരായ രമേശ് ചെന്നിത്തല, പി.സി. വിഷ്‌ണുനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ, കെ.കെ. രമ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കരമന ജയൻ, കെ. സുരേഷ്, ആക്‌ടിവിസ്‌റ്റ് എൻ. സുബ്രഹ്മണ്യം, പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി തുടങ്ങി നിരവധിപേർ ഉപരോധസമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
ഉപരോധത്തെ തുടർന്ന് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന്‍റെ ഗേറ്റുകൾ രാവിലെ മുതൽ പൊലീസ് അടച്ചുപൂട്ടിയിരുന്നു. കടുത്ത വേനലിനെ പോലും അവഗണിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആശമാർ ഉപരോധ സമരത്തിൽ പങ്കെടുക്കാനെത്തി. വേനലിന്റെ കാഠിന്യത്താൽ എട്ടോളം ആശ വർക്കർമാർ കുഴഞ്ഞുവീണു. ഏഴുപേരെ ആംബുലൻസിലും ഒരാളെ ഓട്ടോറിക്ഷയിലും ആശുപത്രിയിലെത്തിച്ചു.
ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ജീവൽ പ്രധാനങ്ങളായ ആവശ്യങ്ങളാണ് അശവർക്കർമാർ ഉന്നയിക്കുന്നത്.
സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാൻ എൻ.എച്ച്.എമ്മിന്റെ (നാഷനൽ ഹെൽത്ത് മിഷൻ) പാലിയേറ്റിവ് ഗ്രിഡ് പരിശീലനം എന്ന പേരിൽ ഇന്ന് തന്നെ അടിയന്തിര പരിപാടി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എല്ലാ ആശമാരും നിർബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവരുടെ ഹാജർ നില മെഡിക്കൽ ഓഫിസർ പരിശോധിച്ച് ജില്ലതലത്തിലേക്ക് അയക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ പരിശീലനം ബഹിഷ്കരിച്ച് വിവിധ ജില്ലകളിൽനിന്ന് ആശാവർക്കർമാർ സെക്രട്ടേറിയറ്റ് ഉപരോധത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയിട്ടുണ്ട്.
മാർച്ച് 20 മുതൽ അനിശ്ചിതകാല നിരാഹാരം
അതിജീവന സമരത്തിന്റെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് ആശ വർക്കർമാർ. മാർച്ച് 20 മുതൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. മൂന്ന് മുൻനിര നേതാക്കൾ അനിശ്ചിതകാലത്തേക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരമിരിക്കുമെന്നാണ് പ്രഖ്യാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.