'സംഘപരിവാറിന്റെ അതേ കണ്ണടയാണ് ഗോവിന്ദൻ മാഷിനും, ഇതൊക്കെ ഒന്ന് മാറ്റിപ്പിടിക്കൂ മാഷേ, ബീറ്റാവേർഷനോടാണ് സംവദിക്കുന്നതെന്ന് ഓർക്കണ്ടേ'; എം.വി. ഗോവിന്ദനെ പരിഹസിച്ച് അൻവർ
text_fieldsമലപ്പുറം: ആശവർക്കർമാരുടെ സമരത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവരാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ.
സംഘ പരിവാറിന്റെ അതേ കണ്ണട തന്നെയാണോ ഗോവിന്ദൻ മാഷ് ഉപയോഗിക്കുന്നതെന്നും ഇതൊക്കെ മാറ്റിപിടിക്കേണ്ട കാലം അതിക്രമിച്ചുവെന്നും പി.വി അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
താൻ നിലമ്പൂരിൽ വിളിച്ചുകൂട്ടിയ സമ്മേളനത്തിലും പങ്കെടുത്തത് എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടേയും പ്രവർത്തകരാണെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇതൊക്കെ മാറ്റിപിടിക്കേണ്ട സമയം കഴിഞ്ഞെന്നും ടെക്നോളജിയുടെ ബീറ്റാ വേർഷനോടാണ് സംവദിക്കുന്നത് എന്നെങ്കിലും ഓർക്കണ്ടേയെന്നും അൻവർ പരിഹസിച്ചു.
ആശാ പ്രവർത്തകരുടെ സമരമല്ല, സമരം കൈകാര്യം ചെയ്യുന്നവരാണ് പ്രശ്നമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.
'സമരം രാഷ്ട്രീയപ്രേരിതമാണ്. സമരമല്ല പ്രശ്നം, ആ സമരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ചില ആളുകളുണ്ട്. എസ്.യു.സി.ഐ, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവർ. അവരെയാണ് ഞങ്ങൾ എതിർക്കുന്നത്. അല്ലാതെ ആശാ വർക്കർമാരോട് ഞങ്ങൾക്ക് എന്താ വിരോധം? ഞങ്ങളുടെ വർഗമല്ലേ' എന്നായിരുന്നു എം.വി ഗോവിന്ദൻ പറഞ്ഞത്.
പി.വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകരാണ് സെക്രട്ടേറിയേറ്റിനു മുമ്പിൽ നിരന്നിരിക്കുന്ന ഈ വനിതകൾ.!!
പറയുന്നത് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്.സംഘപരിവാരത്തിന്റെ "സെയിം" കണ്ണട തന്നെയാണോ ഈയിടെയായി മാഷും ഉപയോഗിക്കുന്നത്?!!
ഞാൻ നിലമ്പൂരിൽ വിളിച്ചുകൂട്ടിയ സമ്മേളനത്തിലും പങ്കെടുത്തത് എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകരാണ് എന്നാണ് അന്ന് പറഞ്ഞിരുന്നത്.
എൻ്റെ ഗോവിന്ദൻ മാഷേ.. ഇതൊക്കെ ഒന്ന് മാറ്റി പിടിക്കേണ്ട കാലം അതിക്രമിച്ചു. "ടെക്നോളജിയുടെ ബീറ്റാ വേർഷനോടാണ്" സംവദിക്കുന്നത് എന്നെങ്കിലും ഓർക്കണ്ടേ?"

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.