തിങ്കളാഴ്ച ആശവർക്കർമാർ സെക്രട്ടേറിയറ്റ് ഉപരോധിക്കും
text_fieldsതിരുവനന്തപുരം: രാപകൽ സമരത്തിൻറെ 36-ാം ദിവസമായ തിങ്കളാഴ്ച ആശവർക്കർമാർ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ ജില്ലകളിൽനിന്ന് ആശാവർക്കർമാർ തിരുവനന്തപുരത്ത് എത്തിചേരും. രാവും പകലും ആരോഗ്യമേഖലയിൽ തൊഴിലെടുക്കേണ്ടി വരുന്ന ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചത്.
ജീവൽ പ്രധാനങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായ സമരം ഒരുമാസം പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാനോ ചർച്ച ചെയ്യാനോ പോലും സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നിയമലംഘന സമരത്തിലേക്ക്- അടുത്തഘട്ടത്തിലേക്ക്- കടക്കാൻ ആശാവർക്കർമാർ തീരുമാനിച്ചത്.
സമരത്തിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തിയും പ്രത്യേക ജോലികൾ നിശ്ചയിച്ചു നൽകിയും യോഗങ്ങൾ വിളിച്ചും സമരത്തിലെ പങ്കാളിത്തം ഒഴിവാക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന ആശാവർക്കർമാർക്ക് പകരം ഹെൽത്ത് വളണ്ടിയർമാരെ നിയമിക്കും എന്ന ഭീഷണി നിലനിൽക്കെയാണ് കൂടുതൽ ആശാവർക്കർമാർ സമരവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ സമരത്തിൽ പങ്കെടുക്കാത്ത മേഖലകളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ട്.
പ്രതിസന്ധിഘട്ടങ്ങളിൽ ആശാവർക്കർമാരുടെ സേവനം ലഭിച്ച പൊതുജനങ്ങളുടെ ഉൾപ്പെടെ പിന്തുണയോടെയാണ് പലരും സമരത്തിന് എത്താൻ തയ്യാറെടുക്കുന്നത്. ഇന്ന് സമരപ്പന്തലിൽ എഴുത്തുകാരി റോസ് മേരി, ഡോ. കെ.ജി താര, നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന സെക്രട്ടറി ഷൈജു എബ്രഹാം, നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ്, കെ എസ് ഇ വർക്കേഴ്സ് യൂണിയൻ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ബെന്നി ബോണിഫസ്, കെ.എസ്.ഇ വർക്കേഴ്സ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സീതിലാൽ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യുസ്, നാഷണലിസ്റ്റ് കേരളാ വനിത കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മഞ്ജു സന്തോഷ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ .ജോണി ജേക്കബ്, ആൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് എസ്.സി/ എസ്.ടി ഓർഗനൈസേഷൻ പ്രതിനിധി പി.വി. നടേശൻ എന്നിവർ എത്തി പിന്തുണ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.