എല്ലാ മുന്നണികളുടെയും വോട്ടുനേടി ആഷിഖയുടെ മധുരച്ചോക്ലേറ്റ്
text_fieldsമുക്കം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ നാടൊട്ടുക്കും നടക്കുമ്പോൾ കാരശ്ശേരി സ്വദേശി ആഷിഖ ഖദീജയും ഏറെ തിരക്കിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർഥികൾക്ക് അവരുടെ ചിത്രം വെച്ചുള്ള ചോക്ലേറ്റ് നിർമിച്ചുനൽകുന്ന തിരക്കിലാണിവർ.
വടകര പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ഫോട്ടോ വെച്ചുള്ള ചോക്ലോറ്റിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും വിഡിയോ വൈറലാവുകയും ചെയ്തതോടെയാണ് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽനിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വൻതോതിൽ ഓർഡർ അഷിഖയെ തേടിയെത്തിയത്. ഷാഫി പറമ്പിൽ എം.എൽ.എക്ക് പാലക്കാട്ടുകാർ നൽകിയ വൈകാരികമായ യാത്രയയപ്പ് കണ്ടതോടെയാണ് ചോക്ലേറ്റുകൾ ഓൺലൈൻ വഴി വിപണനം നടത്തുന്ന അഷിഖ ഖദീജക്ക് ഇത്തരമൊരു ആശയം മനസ്സിൽവന്നത്. തുടർന്ന് ഷാഫി പറമ്പിലിന്റെ ഫോട്ടോവെച്ചുള്ള ചോക്ലേറ്റ് നിർമിച്ച് അതിന്റെ വിഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഈ വിഡിയോ വൈറലാവുകയും ആറു ദിവസംകൊണ്ട് 60 ലക്ഷം ആളുകൾ കാണുകയും ചെയ്തു. ഇതോടെ സ്ഥാനാർഥികളായ കെ.കെ. ശൈലജ, കെ.സി. വേണുഗോപാൽ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും തെലങ്കാന, മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളിൽനിന്നും ചോക്ലേറ്റിനായി ഓർഡർ ലഭിക്കുകയായിരുന്നു. കഴിഞ്ഞ കോവിഡ് കാലത്തിന് തൊട്ടുമുമ്പാണ് അഷിഖ എന്ന സംരംഭക ചോക്ലേറ്റിന്റെ ഓൺലൈൻ വിപണനം ആരംഭിച്ചത്. ബെർത്ത്ഡേ, വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കാണ് ചോക്ലേറ്റ് നിർമിച്ച് നൽകിയിരുന്നത്. തെരഞ്ഞെടുപ്പിന് ഇത് ആദ്യമായാണ് ചോക്ലേറ്റ് നിർമിച്ചുനൽകുന്നെതന്ന് ആഷിഖ ഖദീജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.