അമച്വർ റേഡിയോയിലൂടെ ശ്രദ്ധനേടി അഷ്റഫ് പാഴൂർ
text_fieldsപാഴൂർ: പ്രകൃതിദുരന്ത വേളയിലും പ്രളയസമയത്തും ദുരന്തബാധിതർക്ക് അമച്വർ റേഡിയോയിലൂടെ (ഹാം റേഡിയോ) രക്ഷയൊരുക്കിയും ആശയവിനിമയമൊരുക്കിയും അഷ്റഫ് പാഴൂർ. ഇന്റർനെറ്റും വൈദ്യുതിയും മുടങ്ങിയാലും സമൂഹമാധ്യമങ്ങൾ നിശ്ചലമായാലും തുണയേകാൻ പാഴൂർ എരഞ്ഞിപറമ്പിലെ കെ.സി. മുഹമ്മദ് അഷ്റഫ് രംഗത്തുണ്ട്. കഴിഞ്ഞ പ്രളയത്തിൽ അമച്വർ റേഡിയോ ശൃംഖലവഴി യഥാർഥവിവരങ്ങൾ എത്തിച്ചും ആശങ്കകൾ അകറ്റിയും അഷ്റഫ് തുണയായി.
കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടിയെന്ന തെറ്റായ സന്ദേശം പ്രചരിച്ചത് പ്രദേശത്തെ ആശങ്കയിലാക്കിയിരുന്നു. വീണ്ടും ജലനിരപ്പ് ഉയരുമെന്നും ദുരിതാശ്വാസ ക്യാമ്പ് അടക്കം ഒഴിയേണ്ടിവരുമെന്നുമായിരുന്നു പ്രചാരണം. ഹാം റേഡിയോവഴി കവളപ്പാറയിലേക്ക് ബന്ധപ്പെട്ട് യാഥാർഥ്യം കൂളിമാടും പരിസരത്തുമുള്ളവർക്ക് കൈമാറി ആശങ്കയകറ്റുന്നതിൽ അഷ്റഫ് പങ്കുവഹിച്ചു. ഏഴ് വർഷമായി തന്റെ വീട്ടിൽ സജ്ജീകരിച്ച അമച്വർ റേഡിയോ (ഹാം റേഡിയോ) ഇദ്ദേഹത്തിന്റെ പ്രധാന ഹോബിയാണ്.
സ്വന്തമായി സംവിധാനിച്ചതും വാങ്ങിയതുമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിച്ചും ആന്റിന സ്വയം നിർമിച്ചുമാണ് അഷ്റഫ് ഹാം റേഡിയോ സ്റ്റേഷൻ ഒരുക്കിയതും ശബ്ദസന്ദേശങ്ങൾ കൈമാറുന്നതും. ഹാം റേഡിയോ ഉപയോഗിക്കണമെങ്കിൽ വയർലെസ് കോഓഡിനേഷൻ വിങ്ങിന്റെ ലൈസൻസ് വേണം. ഈ വിങ്ങിന്റെ നിരീക്ഷണവും പിന്തുണയുമുള്ള ഈ സാങ്കേതിക സംവിധാനം വിനോദവും സേവനവുമാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ധാരാളം സുഹൃദ് വലയങ്ങൾ കൂട്ടായ്മക്കുണ്ട്. 20 വർഷം മുമ്പാണ് ഹാം റേഡിയോയെപറ്റി പഠിച്ചുതുടങ്ങുന്നത്.
നിരവധി സ്ഥലങ്ങൾ സന്ദർശിച്ചും വിദഗ്ധരെ കണ്ടുമാണ് റേഡിയോ ഷാക്ക് ഒരുക്കിയത്. ഹാം റേഡിയോ രംഗത്ത് ശ്രദ്ധേയനായിരുന്ന, അകാലത്തിൽ മരിച്ച അഷ്റഫ് കാപ്പാടിന്റെ സഹായവും പിന്തുണയും അഷ്റഫ് പാഴൂരിന് ലഭിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ അത്ര പരിചിതമല്ലാത്ത റേഡിയോ ഷാക്ക് സന്ദർശിക്കാനും സംവദിക്കാനും ധാരാളംപേർ എത്താറുണ്ട്.
അഷ്റഫിനെ കൂടാതെ സമീപപ്രദേശത്ത് മാവൂരിൽ അൻവർ സാദത്ത്, ജോർജ്, രഞ്ജു ഗോപി, സജീഷ് എന്നിവരും ഹാം റേഡിയോ രംഗത്തുണ്ട്. പാഴൂർ എരഞ്ഞിപറമ്പ് പരേതനായ കെ.സി.വി. മുഹമ്മദ് മൗലവി-ഫാത്തിമ ദമ്പതികളുടെ മകനായ ഇദ്ദേഹം മൂന്നു പതിറ്റാണ്ട് കാലമായി പ്രഫഷനൽ ഫോട്ടോഗ്രാഫർ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.