ഏഷ്യാനെറ്റ് കേസ്: ജീവനക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി
text_fieldsകോഴിക്കോട്: വ്യാജ വാര്‍ത്ത നൽകിയെന്ന പരാതിയിൽ ഏഷ്യാനെറ്റിലെ നാല് ജീവനക്കാര്‍ക്കെതിരെ വെള്ളയിൽ പൊലീസെടുത്ത കേസിൽ ജാമ്യമില്ലാ കുറ്റം കൂടി ചുമത്തി. ബാല നീതി നിയമം 83 (2) പ്രകാരം, നിയമവിരുദ്ധമായ പ്രവൃത്തികൾക്ക് കുട്ടികളെ ഉപയോഗിച്ചെന്ന കുറ്റം ചുമത്തിയതായി കാണിച്ച് വെള്ളയിൽ പൊലീസ് അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് (പോക്സോ) കെ. പ്രിയ മുമ്പാകെ റിപ്പോർട്ട് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ ഷാജഹാന് കാളിയത്ത്, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസൂഫ്, ജീവനക്കാരി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇരുഭാഗത്തിന്റെയും വാദം കേട്ടു. അപേക്ഷ ഈ മാസം 18ന് വിധിപറയാൻ മാറ്റി. വ്യക്തിവിരോധം കാരണം പി.വി. അൻവർ എം.എൽ.എ പരാതി നൽകിയതാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ അഡ്വ. പി.വി. ഹരി വാദിച്ചു. എന്നാൽ, കുട്ടികളുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നും രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നും അതിനാൽ ജാമ്യമനുവദിക്കരുതെന്നും സ്പെഷൽ പ്രോസിക്യൂട്ടർ കെ. സുനിൽ കുമാർ വാദിച്ചു.
2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്തയില്‍ 14 കാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് കാണിച്ചാണ് പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരാതി. നേരത്തേ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിട്ടിയില്ലെങ്കിലും പൊലീസ് അതിന് നീക്കം നടത്തുന്നുവെന്ന് കാണിച്ചാണ് പ്രതിഭാഗം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇതിന്റെയടിസ്ഥാനത്തിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ തീർപ്പാകുംവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.