ഏഷ്യാനെറ്റ് ന്യൂസ് ഓഫിസ് റെയ്ഡ്: സി.പി.എം ഫാസിസത്തിന്റെ ഭീകരരൂപം -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ നടക്കുന്ന റെയ്ഡ് സി.പി.എം ഫാസിസത്തിന്റെ ഏറ്റവും ഭീകര രൂപമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിന്റെ പരാജയം തുറന്ന് കാണിക്കുന്നവരെ പ്രവർത്തിക്കാൻ സമ്മതിക്കില്ലെന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തമാണ് ഇടത് സർക്കാർ പ്രകടിപ്പിക്കുന്നത്. കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുകയാണ് സി.പി.എം ചെയ്യുന്നത്. പിണറായിക്കെതിരെ ശബ്ദിക്കുന്നവർ കേരളത്തിൽ വേട്ടയാടപ്പെടുകയാണ്.
പൊലീസ് നടത്തുന്നത് ഭരണകൂട ഭീകരതയാണ്. വാർത്തകളെ കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ ജനാധിപത്യരീതിയിലാണ് പ്രതികരിക്കേണ്ടത്. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചാൽ നിയമനടപടി സ്വീകരിക്കാം. എന്നാൽ ഒരു മാധ്യമ സ്ഥാപനത്തിന് നേരെ അതിക്രമവും പൊലീസ് രാജും പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ബി.ജെ.പിക്കെതിരെ നിരവധി വാർത്തകൾ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ജനാധിപത്യരീതിയിൽ അല്ലാതെ ബി.ജെ.പി അവരെ എതിർത്തിട്ടില്ല.
എന്നാൽ സംസ്ഥാന സർക്കാർ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് മാധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുകയാണ്. കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫീസിൽ എസ്.എഫ്.ഐക്കാർ നടത്തിയ അക്രമം മുഖ്യമന്ത്രിയുടെ അറിവോടെയായായിരുന്നെന്നതിന്റെ തെളിവാണ് കോഴിക്കോട് ഓഫീസിൽ നടക്കുന്ന റെയ്ഡെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.