രക്ഷിതാക്കൾക്കൊപ്പം പോകേണ്ടെന്ന് കുട്ടി; മൂന്നു മക്കളെയും ഏറ്റെടുക്കാൻ സി.ഡബ്ല്യു.സി
text_fieldsതിരുവനന്തപുരം: കഴക്കൂട്ടത്തെ വീട്ടിൽനിന്ന് കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ പതിമൂന്നുകാരിയെ വിശദമായി കേട്ട് സി.ഡബ്ല്യു.സി. അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും അടിയ്ക്കുമായിരുന്നെന്നും കുട്ടി പറഞ്ഞു. 150 രൂപ എടുത്താണ് യാത്ര ചെയ്തത്. തൽക്കാലം മാതാപിതാക്കളുടെ കൂടെ പോകാൻ താൽപര്യമില്ല.
സി.ഡബ്ല്യു.സിയുടെ കീഴിൽനിന്ന് കേരളത്തിൽ പഠിക്കണമെന്നാണ് ആഗ്രഹമെന്നും കുട്ടി സി.ഡബ്ല്യു.സി ചെയർപേഴ്സൺ ഷാനിബയോട് പറഞ്ഞു.മെഡിക്കൽ പരിശോധനക്ക് ശേഷം സി.ഡബ്ല്യു.സിയുടെ സംരക്ഷണത്തിൽ ആയിരിക്കും. വിശദമായ കൗൺസലിങ്ങിനു ശേഷമായിരിക്കും തുടർതീരുമാനമുണ്ടാവുക. നിലവിൽ കുട്ടിയുടെ പൂർണ സംരക്ഷണം സി.ഡബ്ല്യു.സി ഏറ്റെടുക്കും.
കൗൺസലിങ്ങിന് ശേഷമാകും മറ്റു തീരുമാനമെടുക്കുക. കുട്ടി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ തുടരുന്നതിൽ മാതാവിന് കുഴപ്പമില്ല. അസം സ്വദേശികളുടെ മൂന്ന് കുട്ടികളെയും ഏറ്റെടുക്കാൻ സിഡബ്ല്യു.സി തീരുമാനിച്ചു. 13കാരിയുടെ മാതാപിതാക്കളെ ഉൾപ്പെടെ കൗൺസലിങ്ങിന് വിധേയമാക്കിയ ശേഷമാണ് തീരുമാനം. കുട്ടികളുടെ സുരക്ഷ സി.ഡബ്ല്യു.സി ഉറപ്പുനൽകി.
കഴിഞ്ഞ ദിവസം വിശാഖപട്ടണത്തിലെത്തിയ പൊലീസ് സംഘമാണ് കുട്ടിയെ ഏറ്റെടുത്തത്. കഴക്കൂട്ടം എസ്.ഐ വി.എസ്. രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ രണ്ടു വനിതാ പൊലീസ് അടക്കമുള്ള നാലംഗ സംഘമാണ് പെൺകുട്ടിയെ കേരള എക്സ്പ്രസിൽ വിശാഖപട്ടണത്തുനിന്നു കൊണ്ടുവന്നത്. കഴക്കൂട്ടത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ ആഗസ്റ്റ് 20ന് രാവിലെ 10 മുതലാണ് കാണാതായത്.
അയല്‍വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. ജോലിക്ക് പോയ മാതാപിതാക്കള്‍ കുട്ടി വീടുവിട്ടിറങ്ങിയെന്ന വിവരമറിയുന്നത് ഏറെ വൈകിയാണ്. സംഭവത്തിന് പിന്നാലെ നാലോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.