വൃദ്ധയുടെ ചെവിയറുത്ത് മോഷണം, ചികിത്സക്കിടെ മരിച്ചു; അസം സ്വദേശി പിടിയിൽ
text_fieldsകണ്ണൂര്‍: വാരത്ത് വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയുടെ ചെവിയറുത്തെടുക്കുകയും മർദിക്കുകയുംചെയ്ത് കമ്മലും മറ്റും മോഷ്ടിച്ച കേസിൽ അസം സ്വദേശി പിടിയിൽ. അക്രമത്തിൽ പരിക്കേറ്റ വയോധിക പിന്നീട് മരണപ്പെട്ടിരുന്നു. അസം ബാർപേട്ട സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി മോയിബുൽ ഹഖ് (25) ആണ് അസമിൽ പിടിയിലായത്.
വാരം ചതുരക്കിണറിനു സമീപം പി.കെ. ഹൗസിൽ പുലണ്ട കിഴക്കെ കരമൽ ആയിഷയാണ് (71) അക്രമത്തിനിരയായി മരിച്ചത്. സെപ്തംബർ 23നു പുലർച്ചെയായിരുന്നു സംഭവം. പ്രഭാത സമസ്കാരത്തിന് അംഗശുദ്ധി വരുത്താൻ പുറത്തിറങ്ങിയപ്പോൾ മർദിച്ച് ചെവി അറുത്തെടുത്ത് കമ്മൽ കവരുകയായിരുന്നു.
ആയിഷയുടെ ദിനചര്യകൾ മനസിലാക്കിയ പ്രതികള്‍ വീട്ടിലെ പൈപ്പിന്‍റെ വാൽവ് പുറത്ത് നിന്ന് പൂട്ടി വെള്ളം ലഭിക്കുന്നതിനുള്ള മാര്‍ഗം അടച്ചിരുന്നു. പുലര്‍ച്ചെ നമസ്‌കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടോര്‍ ഓണാക്കിയിട്ടും വെള്ളം കിട്ടിയില്ല. തുടര്‍ന്നു വീടിന് പുറത്തിറങ്ങുകയായിരുന്നു. ഇതോടെ ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണ സംഘം പിടിച്ചു പറിച്ചു. ഇതിനിടെ ചെവി മുറിഞ്ഞു. ആയിഷക്ക് ഗുരുതരമായി പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലുമായിരുന്നു ചികിത്സ. ഇവിടെ വെച്ച് രണ്ടാഴ്ച മുമ്പാണ് ഇവർ മരണപ്പെട്ടത്.
കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ അസി. കമ്മീഷണര്‍ പി.പി. സദാനന്ദന്‍റെ നേതൃത്വത്തില്‍ ഇരുപതംഗ പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചു അന്വേഷണം നടത്തിവരികയായിരുന്നു. ശാസ്ത്രീയമായ അനേഷണത്തിനൊടുവിലാണ് പ്രതിയെ അസമില്‍ പോയി പിടികൂടിയത്. ഇയാളെ പൊലിസ് കണ്ണൂരിലെത്തിച്ചു.
കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ സംഘത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്.ഐ ബിജു പ്രകാശ്, ചക്കരക്കല്‍ അഡീഷണല്‍ എസ്.ഐ രാജീവന്‍, കണ്ണൂര്‍ ടൗണ്‍ എസ്.ഐമാരായ അനീഷ്, ഹാരിസ്, ഉണ്ണികൃഷ്ണന്‍, യോഗേഷ്, എ.എസ്.ഐമാരായ എം. അജയന്‍, രഞ്ജിത്ത്, സജിത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബാബുപ്രസാദ്, നാസര്‍, സ്‌നേഹഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.