ചീട്ടുകളിക്കിടെ തർക്കം; മലപ്പുറത്ത് യുവാവിനെ മദ്യലഹരിയിൽ ഓട്ടോ ഇടിച്ച് കൊലപ്പെടുത്തി
text_fieldsകൊണ്ടോട്ടി: മലപ്പുറം കിഴിശേരിയിൽ അസം സ്വദേശിയെ ഗുഡ്സ് ഓട്ടോ ഇടിച്ച് കൊലപ്പെടുത്തിയത് ചീട്ടുകളിക്കിടെ ഉണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്നാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ പ്രതിയായ അസം സ്വദേശി ഗുൽജാർ കൊലപാതക സമയത്ത് മദ്യലഹരിയിലായിരുന്നു. സാമ്പത്തിക ഇടപാടിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഹദുല്‍ ഇസ്‌ലാമുമായി പ്രതി വാക്കേറ്റത്തിൽ ഏർപ്പെടുകയും ദേഷ്യപ്പെട്ട് റോഡിലൂടെ നടന്നുപോകുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിച്ച് കൊല്ലുകയുമായിരുന്നു.
തർക്കത്തെ തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. പ്രതി അഹദുല്‍ ഇസ്‌ലാമിനെ ഇടിച്ചുവീഴ്ത്തിയ ശേഷം പലതവണ വാഹനം കയറ്റി ഇറക്കിയെന്ന് പൊലീസ് വ്യക്തമാക്കി. പിന്നിലൂടെ എത്തിയ ഓട്ടോ ഇടിച്ച് അപകടമുണ്ടായെന്നായിരുന്നു ആദ്യം പൊലീസ് കരുതിയത്. എന്നാല്‍ അഹദുലിനെ ഇടിച്ച് തെറിപ്പിച്ച ശേഷം പല തവണ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് വെളിപ്പെടുത്തി.
നാട്ടുകാര്‍ ഓടിക്കൂടി അഹദുലിനെ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ ഒന്നരയോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണോ കൃത്യത്തിന് കാരണമെന്നതിലടക്കം അന്വേഷണം നടക്കുകയാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.