ഭിന്നശേഷിക്കാരന് മർദനം: പ്രിൻസിപ്പലിനും ജീവനക്കാരിക്കുമെതിരെ കേസെടുത്തു
text_fieldsതിരുവല്ല: ഓട്ടിസം ബാധിതനായ 16കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഭയ കേന്ദ്രം പ്രിൻസിപ്പലിനും ജീവനക്കാരിക്കുമെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ തിരുവനന്തപുരം വെള്ളറട കൂത്താടി സെന്‍റ് ആന്‍റ്സ് കോൺവെന്‍റിന്‍റെ അധീനതയിൽ പ്രവർത്തിക്കുന്ന സ്നേഹ ഭവനിലെ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിൽ ശിശു സംരക്ഷണ സമിതിയും നടപടി സ്വീകരിച്ചിട്ടുണ്ട്.
മർദ്ദനത്തിൽ പരിക്കേറ്റ കുട്ടി ശനിയാഴ്ച ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ആണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്.
2023 ജൂൺ 27നാണ് കുട്ടിയെ സ്നേഹ ഭവൻ സ്പെഷ്യൽ സ്കൂളിൽ എത്തിച്ചത്. നേരത്തെ അവധിക്ക് വീട്ടിൽ എത്തിച്ചപ്പോൾ കുട്ടിയുടെ ശരീരത്തിൽ വടി ഉപയോഗിച്ച് മർദ്ദിച്ച പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ അനുസരണക്കേടിന് അടിച്ചതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. തുടർന്ന് വീണ്ടും സ്നേഹ ഭവനിൽ എത്തിച്ചു. ഇപ്പോൾ ഈസ്റ്ററിന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോഴാണ് ശരീരത്തിൽ വീണ്ടും മർദ്ദനമേറ്റ നിരവധി പാടുകൾ കണ്ടത്.
ഇതോടെ സ്നേഹ ഭവൻ പ്രിൻസിപ്പൽ സിസ്റ്റർ ഷീജയെ ഫോണിൽ ബന്ധപ്പെട്ടു. കുട്ടി കോൺവെന്‍റിൽനിന്നും ഇറങ്ങി ഓടി സമീപത്തെ വീട്ടിൽ കയറിയെന്നും വീട്ടുടമസ്ഥയായ വയോധിക വടി കൊണ്ട് കുട്ടിയെ മർദ്ദിച്ചെന്നുമായിരുന്നു പ്രിൻസിപ്പലിന്‍റെ മറുപടി. പിന്നീട് കുട്ടിയെ താനാണ് മർദ്ദിച്ചതെന്ന് പ്രിൻസിപ്പൽ സമ്മതിച്ചു. പിന്നാലെ പ്രിൻസിപ്പലും മറ്റ് രണ്ട് സിസ്റ്റർമാരും കുട്ടിയുടെ മേപ്രാലിലെ വീട്ടിലെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.