വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസ്; കൗൺസിലർ ടിബിൻ ദേവസിയെ യൂത്ത് കോൺഗ്രസ് പുറത്താക്കി
text_fieldsകൊച്ചി: വ്യാപാരിയെ മർദിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ കൊച്ചി കോർപറേഷൻ കൗൺസിലർ ടിബിൻ ദേവസിയെ യൂത്ത് കോൺഗ്രസ് പുറത്താക്കി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല സെക്രട്ടറിയായിരുന്നു വാത്തുരുത്തി ഡിവിഷൻ കൗൺസിലറായ ടിബിൻ.
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും രണ്ടുലക്ഷം രൂപ തട്ടിയ കേസിലാണ് ടിബിന്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റിലായത്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഫിയാസും (42) തമ്മനം സ്വദേശി ഷമീറുമാണ് (32) ടിബിനൊപ്പം അറസ്റ്റിലായത്.
എളമക്കര ജവാന്‍ ക്രോസ് റോഡില്‍ 'കോസ്മിക് ഇന്നവേഷന്‍സ്' നടത്തുന്ന കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി കൃഷ്ണമണിയെ മൂവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്നാണ് കേസ്. കൃഷ്ണമണിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരനും അറസ്റ്റിലായ ഫിയാസും വിദേശത്ത് ബിസിനസ് നടത്തിയിരുന്നവരാണ്.
ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും 2017-18ല്‍ ഖത്തറില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. പിന്നീട് കൃഷ്ണമണി എളമക്കരയിൽ സ്ഥാപനം തുടങ്ങിയപ്പോള്‍ ഫിയാസ് ജോലിക്കാരനായി ചേർന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ ഇയാൾ സുഹൃത്തുക്കളുമായി എത്തി സാമ്പത്തിക കാര്യങ്ങള്‍ പറഞ്ഞ് കൃഷ്ണമണിയുമായി തര്‍ക്കമുണ്ടായി. ഫിയാസിന് നല്‍കാനുള്ള 40 ലക്ഷം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു തര്‍ക്കം.
വൈകീട്ട് നാലോടെ ഫിയാസും സംഘവും ചേര്‍ന്ന് കൃഷ്ണമണിയെ ഇയാളുടെ ഭാര്യയുടെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു. ഭാര്യപിതാവ് ജോലിചെയ്യുന്ന അമൃത ആശുപത്രിക്ക് സമീപമെത്തിച്ചശേഷം 20 ലക്ഷം നല്‍കാമെന്നു കാണിച്ച് മുദ്രപത്രത്തില്‍ ഒപ്പിട്ട് വാങ്ങിയതായും രണ്ടുലക്ഷം രൂപ ഫിയാസ് ഓണ്‍ലൈനായി വാങ്ങിയതായും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം ഫിയാസിന് കൃഷ്ണമണി നല്‍കാനുണ്ടെന്ന് പറയപ്പെടുന്ന പണം വാങ്ങിനല്‍കാമെന്ന് ടിബിന്‍ ഉറപ്പുനല്‍കി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്നും വിവരമുണ്ട്. പത്തുപേര്‍ സംഭവത്തില്‍ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു. ഏഴുപേര്‍ക്കായി അന്വേഷണം നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.