സഭ സ്തംഭനം നാലാം ദിനം, കവാടത്തിൽ പ്രതിപക്ഷ സത്യഗ്രഹം
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ നാലാം ദിവസവും നിയമസഭ സത്ംഭിച്ചതിന് പിന്നാലെ സഭ കവാടത്തിൽ പ്രതിപക്ഷം അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. സഭനടപടികളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഹകരണം വാഗ്ദാനം ചെയ്തെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള തർക്കമാണ് സഭാന്തരീക്ഷം കലുഷിതമാക്കിയത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ കാഴ്ച മറയ്ക്കും വിധം ബാനറും പ്ലാക്കാർഡുമുയർത്തിയതോടെ ഭരണപക്ഷ എം.എൽ.എമാരും പ്രതിപക്ഷവും രൂക്ഷ വാക്കേറ്റമുണ്ടായി. ഇതിനെത്തുടർന്ന് ചോദ്യോത്തരവേള, സബ്മിഷന്‍, ശ്രദ്ധക്ഷണിക്കല്‍ എന്നിവ റദ്ദാക്കുകയായിരുന്നു. പിന്നീട് പ്രതിപക്ഷം സഭ കവാടത്തിൽ കുത്തിയിരുന്നു. വി.എസ്. ശിവകുമാർ, പാറയ്ക്കൽ അബ്ദുല്ല, എൻ. ജയരാജ് എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്.
രാവിലെ സഭ ആരംഭിച്ചപ്പോൾ, രമേശ് ചെന്നിത്തല, തങ്ങൾ സഭ നടപടികളുമായി സഹകരിക്കുമെന്നും യു.ഡി.എഫിെൻറ മൂന്ന് എം.എൽ.എമാർ സത്യഗ്രഹമിരിക്കുന്നതായും അറിയിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കോൺഗ്രസും ആർ.എസ്.എസും ഒത്തുകളിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയോട് ചോദിച്ച് സമരം ചെയ്യേണ്ട ഗതികേട് പ്രതിപക്ഷത്തിനില്ലെന്ന് ചെന്നിത്തല തിരിച്ചടിച്ചു . തുടർന്ന് സംസാരിക്കാൻ ചെന്നിത്തലക്കു മൈക്ക് കൊടുക്കാതിരുന്നതാണു പ്രശ്നങ്ങൾക്കിടയാക്കിയത്.
ബാനറും പ്ലക്കാർഡും ഉയർത്തി പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളി തുടങ്ങി. ഇടത് എം.എൽ.എമാർ കൂട്ടം കൂടിയെങ്കിലും സ്പീക്കർ പിന്തിരിപ്പിച്ചു. ഇതിനിടെ ബിൽ അവതരിപ്പിക്കാൻ ഇ.പി. ജയരാജനെയും മേഴ്സിക്കുട്ടിയമ്മയെയും ക്ഷണിച്ചെങ്കിലും പ്രതിഷേധം കനത്തപ്പോൾ മേശപ്പുറത്ത് വെക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. രണ്ടും ചർച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ബഹളം ശക്തമായതോടെ 21ാം മിനിറ്റിൽ തിങ്കളാഴ്ചയിലെ സഭ നടപടി നിർത്തിവെച്ചതായി സ്പീക്കർ അറിയിക്കുകയായിരുന്നു. മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദം ഉന്നയിക്കാൻ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
മുഖ്യമന്ത്രി പറഞ്ഞത്:
ആര്‍.എസ്.എസിെൻറ ഒക്കച്ചങ്ങാതിമാരായ എത്രപേരാണ് പ്രതിപക്ഷത്തുള്ളത്. ആര്‍.എസ്.എസിെൻറ നിലപാട് മുന്നോട്ടുകൊണ്ടുപോകാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇതു ജനം മനസ്സിലാക്കുന്നുണ്ട്. ശബരിമലയില്‍ പ്രതിപക്ഷ പിന്തുണയോടെ സമരം നടത്തിയവര്‍ ഇപ്പോള്‍ സെക്രേട്ടറിയറ്റ് മുന്നിലേക്ക് വന്നിട്ടുണ്ട്. ഇവിടെ ഇവര്‍ അവസാനിപ്പിച്ച് സഭ കവാടത്തിലേക്ക് പോകുന്നു. ഇത് ഒത്തുകളിക്ക് തെളിവാണ്.
രമേശ് ചെന്നിത്തല പറഞ്ഞത്:
ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ആദ്യം സ്വീകരിച്ച നിലപാടാണ് ഇപ്പോഴും. ആർ.എസ്.എസുമായി ഒത്തുകളിച്ചത് ആരാണെന്ന് എല്ലാവർക്കുമറിയാം. അന്നദാനത്തിൽ ആർ.എസ്.എസുമായി കൈകോർത്തത് നിങ്ങളേല്ല? (ഭരണപക്ഷം). ചിത്തിര ആട്ട വിശേഷത്തിനും ആഭ്യന്തരം മുഖ്യമന്ത്രിയുടെ കൈയിലായിരുന്നില്ല, വത്സൻ തില്ലേങ്കരിയുടെ കൈയിലായിരുന്നു. യു.ഡി.എഫ് ഉന്നയിച്ച ആക്ഷേപങ്ങളെ സാധൂകരിക്കുന്നതാണ് നിരീക്ഷണ സമിതിയെ നിയോഗിക്കാനുള്ള ഹൈകോടതി തീരുമാനം.
സ്‌പീക്കര്‍:
ചെയറിനോട് മോശമായി പെരുമാറി കാര്യം നേടാന്‍ നോേക്കണ്ട. ചര്‍ച്ച ചെയ്യേണ്ട പ്രശ്നങ്ങൾ നിസ്സാര വിഷയങ്ങളുടെ പേരില്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ല. മുഖ്യമന്ത്രി പറയാനുള്ളത് പറഞ്ഞു. പ്രതിപക്ഷ നേതാവിന് വീണ്ടും അവസരം കൊടുത്തു.
സഭക്കകത്തെ സമരം പുറത്തേക്കും മാറ്റിയത് ബി.ജെ.പിയെ പ്രതിരോധിക്കാൻ
തിരുവനന്തപുരം: നിയമസഭക്കകത്ത് ഒതുങ്ങിയിരുന്ന യു.ഡി.എഫിെൻറ ‘ശബരിമല’ സമരം സഭക്ക് പുറത്തേക്ക് മാറ്റിയത് ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ. ഒപ്പം സഭക്കകത്ത് മറ്റ് വിഷയങ്ങൾ സജീവമാക്കുകയെന്ന തന്ത്രത്തിനും യു.ഡി.എഫ് നിയമസഭകക്ഷി യോഗം രൂപം നൽകി. നീക്കം അപ്രതീക്ഷിതമായപ്പോൾ സഭാ നടപടി അവസാനിപ്പിക്കുകയെന്ന പ്രതിേരാധം ഭരണപക്ഷവും സ്വീകരിച്ചു.
ശബരിമല വിഷയത്തിൽ സെക്രേട്ടറിയറ്റ് നടയിലേക്ക് ബി.ജെ.പിയുടെ സമരമുഖം മാറ്റിയതോടെയാണ് യു.ഡി.എഫ് വിഷമത്തിലായത്. നിയമസഭക്കകത്ത് ഉയർത്തിക്കൊണ്ടുവന്ന സമരമുഖം സെക്രേട്ടറിയറ്റിന് മുന്നിലെ സമരത്തിലൂടെ ബി.ജെ.പി തട്ടിയെടുക്കുമോയെന്ന ആശങ്കയുമുണ്ട്. ഒരേസമയം, സർക്കാറിനെയും ബി.ജെ.പിയെയും പ്രതിരോധിക്കേണ്ട അവസ്ഥയിലായി യു.ഡി.എഫ.്
തിങ്കളാഴ്ച രാവിലെ ചേർന്ന യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിലാണ് മൂന്ന് എം.എൽ.എമാർ സഭാ കവാടത്തിൽ സമരം ആരംഭിക്കാനും സഭക്കകത്ത് മറ്റ് വിഷയം ഉന്നയിക്കാനും തീരുമാനിച്ചത്. സഭാ നടപടികളുമായി സഹകരിക്കാനായിരുന്നു തീരുമാനം. മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട ബന്ധു നിയമനം അടിയന്തര പ്രമേയമായി കൊണ്ടുവരാനും തീരുമാനിച്ചു. എന്നാൽ, പെെട്ടന്നാണ് അന്തരീക്ഷം മാറിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായുള്ള വാക്തർക്കവും തുടർന്ന്, പ്രതിപക്ഷ നേതാവിെൻറ ഉച്ചഭാഷിണി ഒാഫാക്കിയതും സഭയെ പ്രക്ഷുബ്ധമാക്കി. സഭാ നേതാവായ മുഖ്യമന്ത്രി നൽകിയ കുറിപ്പനുസരിച്ചാണ് സ്പീക്കർ സഭാ നടപടി അവസാനിപ്പിച്ചതെന്ന ആരോപണമുണ്ട്. സമരം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.
സഭ തടസ്സപ്പെടുത്തിയത് മുഖ്യമന്ത്രി, സ്പീക്കർക്ക് കുറിപ്പ് നൽകിയെന്നും പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയാണ് നിയമസഭ തടസ്സപ്പെടുത്തിയെതന്നും സഭനേതാവുതന്നെ കുറിപ്പ് കൊടുത്തുവിട്ട് സഭ തടസ്സപ്പെടുത്തുന്നത് ആദ്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ‘സ്പീക്കർക്ക് മുഖ്യമന്ത്രി കൊടുത്തുവിട്ട കുറിപ്പിൽ സഭ നടത്തേണ്ട എന്ന നിർദേശമാണെന്ന് ഞങ്ങൾ കരുതുന്നു. മന്ത്രി കെ.ടി. ജലീലിെൻറ ബന്ധുനിയമനം സംബന്ധിച്ച അഴിമതിയാണ് ഞങ്ങൾ ഉന്നയിക്കാൻ തീരുമാനിച്ചത്. വിഷയം സഭയിൽ വരരുതെന്ന മുഖ്യമന്ത്രിയുടെ നിർബന്ധം മൂലമാണ് സഭ നടക്കാതിരുന്നത്’; നേതാക്കൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. 144 പിൻവലിക്കൽ, തീർഥാടക അസൗകര്യം എന്നിവ ഉന്നയിച്ച് സഭകവാടത്തിൽ മൂന്ന് എം.എൽ.എമാരുടെ സത്യഗ്രഹം തീരുമാനിച്ചു. സത്യഗ്രഹത്തിന് എം.എൽ.എമാരെ ഇരുത്താൻ പോയ സമയത്ത് പ്രതിപക്ഷത്തിനെതിരെ ദുരുദ്ദേശ്യപരമായ ആരോപണങ്ങൾ മുഖ്യമന്ത്രി ഉന്നയിച്ചു. മറുപടി പറഞ്ഞ് അവസാനിപ്പിക്കേണ്ട കാര്യത്തിൽ പ്രതിപക്ഷ നേതാവിന് അവസരം നൽകിയില്ലെന്നും രമേശ് ചെന്നിത്തല, എം.കെ. മുനീർ, കെ.എം. മാണി, അനൂപ് ജേക്കബ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.