പോർവിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
text_fieldsതിരുവനന്തപുരം: നിയമസഭയിൽ പോർവിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ. ചോദ്യോത്തരവേള നിർത്തിവെച്ച് സഭ വീണ്ടും തുടങ്ങിയപ്പോഴാണ് പ്രക്ഷുബ്ധമായത്. സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടിയ പ്രതിപക്ഷ അംഗങ്ങൾ ഇവിടേക്ക് കടന്നു കയറാനും ശ്രമിച്ചു. തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് ചർച്ച നടത്താനായിരുന്നു അനുമതി. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എൽ.എയാണ് നോട്ടീസ് നൽകിയത്. ഇതിലായിരുന്നു അനുമതി.
ചോദ്യോത്തരവേളയിൽ പ്രതിപക്ഷം ഇറങ്ങി പോയതിന് ശേഷം വി.ഡി സതീശനെ ഏറ്റവും മോശം പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയും വിശേഷിപ്പിച്ചു. സഭയിൽ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് ഇതിന് ശക്തമായ ഭാഷയിൽ മറുപടി നൽകി. ദൈവവിശ്വാസിയായ താൻ മുഖ്യമന്ത്രിയെ പോലൊരു അഴിമതിക്കാരനാകരുതെയെന്നാണ് എല്ലാ ദിവസവും പ്രാർഥിക്കുന്നതെന്നായിരുന്നു വി.ഡി സതീശന്റെ മറുപടി.
മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ പരാമർശം വന്നതോടെ ഭരണപക്ഷ ബെഞ്ചുകളിൽ നിന്നും ബഹളമുയർന്നു. ഇതിനിടെയാ്ണ സ്പീക്കർക്ക് മുന്നിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമുണ്ടാവുകയും സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.