ഇടമലക്കുടിയിൽ ആദ്യ സന്ദർശനം നടത്തി നിയമസഭ സമിതി; റോഡ് ഗതാഗത യോഗ്യമാക്കും
text_fieldsഇടുക്കി: ഇടമലക്കുടിയിൽ ആദ്യമായി സന്ദർശനം നടത്തി ഊരുകളുടെ സ്ഥിതി മനസ്സിലാക്കി പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ നിയമസഭ സമിതി. ഫെബ്രുവരിയോടെ റോഡ് ഗതാഗത യോഗ്യമാക്കാന്‍ നിർദേശം നൽകി. പഞ്ചായത്ത് ഓഫിസ് പ്രവർത്തനം ജനുവരി മുതൽ ഇടമലക്കുടിയിൽ നിന്നു തന്നെയാകുമെന്ന് പട്ടികജാതി- പട്ടികവർഗ ക്ഷേമ നിയമസഭ സമിതി അറിയിച്ചു. ഇടമലക്കുടി സന്ദർശിച്ചശേഷം മൂന്നാർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തിയ തെളിവെടുപ്പ് യോഗത്തിലാണ് സമിതി അധ്യക്ഷൻ ഇക്കാര്യം അറിയിച്ചത്.
2010ൽ പഞ്ചായത്ത് രൂപവത്കരിച്ചെങ്കിലും ഗതാഗതയോഗ്യമായ റോഡിന്റെ അഭാവത്തിൽ ഇടമലക്കുടിയിൽ വികസനം കാര്യമായ രീതിയിൽ ഉണ്ടായില്ല. ഫെബ്രുവരിയോടെ റോഡ് ഗതാഗതയോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. ഇടമലക്കുടിയിൽ സർക്കാർ നിർമിച്ചു നൽകുന്ന വീടുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണം. അടുക്കള, ഹാൾ, ശുചിമുറി, സ്റ്റോർ എന്നിവകൂടി ഒരുക്കി ഇടമലക്കുടിയിലെ അംഗൻവാടികൾ മാതൃക അംഗൻവാടികളാക്കണം.
അംഗൻവാടികളിൽ മതിയായ അളവിൽ പോഷകാഹാരങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് സി.ഡി.പി.ഒ ഉറപ്പുവരുത്തണം. പ്രായത്തിനനുസരിച്ച തൂക്കം കുട്ടികൾക്ക് ഉണ്ടോയെന്ന് പരിശോധിക്കണം. ഗർഭിണികൾ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നുണ്ടോ എന്ന് അംഗൻവാടി പ്രവർത്തകർ നിരീക്ഷിക്കണം. യുവതികൾ ഗർഭനിരോധന ഗുളികകൾ അമിതമായി കഴിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഇതിൽനിന്ന് അവരെ പിന്തിരിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ബോധവത്കരണ പ്രചാരണം സംഘടിപ്പിക്കണം. ആദിവാസികളുടെ ആചാരാനുഷ്ഠാനങ്ങൾ തടസ്സപ്പെടാതെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമമുണ്ടാകണം. ഇതിന് എല്ലാ സർക്കാർ വകുപ്പുകളുടെയും സഹകരണമുണ്ടാകണമെന്നും സമിതി ചെയർമാൻ ഒ.ആർ. കേളു എം.എൽ.എ നിർദേശിച്ചു.
ഭൂവിഷയങ്ങളും സമിതിക്ക് മുന്നിൽ
പെരിഞ്ചാംകുട്ടിയിലെ ആദിവാസി കുടുംബങ്ങളുടെയും ചിന്നക്കനാലിലെ കുടുംബങ്ങളുടെ ഭൂവിഷയങ്ങളും സമിതിക്ക് മുന്നിലെത്തി. ചിന്നക്കനാലിലെ ഭൂവിഷയവും പട്ടയ പ്രശ്നങ്ങളും പ്രത്യേകമായി എടുത്ത് പരിശോധിച്ച് പരിഹാരം കാണാൻ ശ്രമിക്കണമെന്നും പെരിഞ്ചാംകുട്ടിയിൽ നിലവിൽ നിലനിൽക്കുന്ന പ്രശ്നം ഒരു മാസത്തിനുള്ളിൽ പരിഹരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സമിതി ആവശ്യപ്പെട്ടു.
പരാതിക്കെട്ടഴിച്ച് കോളനി നിവാസികൾ
കോളനിയിലേക്കുള്ള യാത്രാക്ലേശം സംബന്ധിച്ച വിഷമതകൾ കോളനി നിവാസികൾ സമിതി അംഗങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ചു. നിലവിൽ ഇടമലക്കുടിയിൽ പ്രവർത്തിച്ചുവരുന്ന സർക്കാർ എൽ.പി സ്‌കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള പ്രൊപ്പോസൽ സർക്കാറിന്റെ പക്കലുണ്ട്. അപ്ഗ്രേഡ് ചെയ്യുന്ന മുറക്ക് മതിയായ സ്ഥലസൗകര്യം കണ്ടെത്തി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടി സ്വീകരിക്കാൻ സമിതി നിർദേശിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ പോരായ്മകൾ ഉണ്ടെന്നും അവക്ക് പരിഹാരം കാണലാണ് നിയമസഭ സമിതിയുടെ ഏറ്റവും സുപ്രധാന ശിപാർശയായി മാറാന്‍ പോകുന്നതെന്നും സമിതി അംഗങ്ങൾ പറഞ്ഞു. സമിതി ചെയര്‍മാന്‍ ഒ.ആർ. കേളു എം.എല്‍.എയുടെ നേതൃത്വത്തിൽ അംഗങ്ങളായ പി.പി. സുമോദ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ, കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ, അഡ്വ. എ. രാജ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. 28ന് രാവിലെ മൂന്നാറിൽനിന്ന് പുറപ്പെട്ട സമിതി അംഗങ്ങള്‍ നാല് മണിക്കൂറിലേറെയെടുത്താണ് കോളനിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.